shlpashala

നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും അദ്ധ്യാപകർ ഇപ്പോഴും തിരക്കിലാണ്. സ്കൂൾ തുറക്കുന്നതിന് മുൻപ് ക്ളാസ് മുറികൾ മനോഹരമാക്കി വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണിവർ. നെയ്യാറ്റിൻകരയിലെ പത്തിലേറെ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങളുടെ നിർമ്മാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ പ്രീ- സ്കൂൾ ക്ലാസ് മുറികളാണ് ശിശു സൗഹൃദമാക്കുന്നത്. ക്ലാസ് മുറികൾ ആകർഷകമാക്കാനും പഠന നേട്ടങ്ങളുടെ ശരിയായ വിനിമയവും ലക്ഷ്യമാക്കി അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിർമാണമൂല, വായനാമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിവ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താത്പര്യം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ പഠനോപകരണങ്ങളാണ് 'താലോലം' എന്ന പേരിലുള്ള അദ്ധ്യാപക ശില്പശാലയിൽ തയ്യാറാക്കുന്നത്.

വിവിധ മേഖലകളിലെ വിദഗ്ദർ, പൂർവ വിദ്യാർത്ഥികൾ, കലാകാരൻമാർ എന്നിവരുടെ സഹായവും ശില്പശാല ഉറപ്പാക്കിയിട്ടുണ്ട്. ശാസ്താംതല ഗവ.യു.പി എസിൽ ആരംഭിച്ച ശില്പശാല സമഗ്ര ശിക്ഷാ കേരള ബി.ആർ.സി കോ ഓർഡിനേറ്റർ എം. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സർഗാത്മക പഠനോപകരണ നിർമാണ ശില്പശാലയ്ക്ക് സംസ്ഥാന റിസോഴ്സ് അദ്ധ്യാപകൻ എ.എസ്. മൻസൂർ, പാവ നിർമാണ വിദഗ്ദ്ധൻ സുധീർ ദത്ത്, പ്രഥമാദ്ധ്യാപിക ബിന്ദു, അദ്ധ്യാപകരായ ലോബോ എം. ശാന്തി ,അരുൺ, വിനീത്, കെ.ജി.മിനി, ഐഡ ക്രിസ്റ്റബൽ എന്നിവർ നേതൃത്വം നൽകി.

നിർമ്മിക്കുന്നത്....

വിവിധയിനം കളിപ്പാട്ടങ്ങൾ

പാവകൾ

മുഖംമൂടികൾ

ഗണിത പഠനോപകരണങ്ങൾ

അലങ്കാര വസ്തുക്കൾ

മണൽത്തടങ്ങൾ

കടലാസ് രൂപങ്ങൾ

നൂൽപ്പാവകൾ

വിരൽപ്പാവകൾ

തീം ബോർഡുകൾ