വെള്ളരിക്കുണ്ട്(കാസർകോട്): തഹസിൽദാർ അറിയാതെ അനധികൃതമായി വാഹനവുമായി കറങ്ങി പട്രോളിംഗ് നടത്തിയ റവന്യൂ വകുപ്പിലെ താത്ക്കാലിക ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ താൽകാലിക ഡ്രൈവറും പരപ്പ സ്വദേശിയുമായ യുവാവിനെയാണ് ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്.
ഒരാഴ്ച മുൻപ് ഡെപ്യുട്ടി തഹസിൽദാറുമായി ഔദ്യോഗിക വാഹനത്തിൽ ചെന്ന് പരപ്പയിലെ നിർദ്ധനരായ ഒരു കുടുംബത്തിന്റെ വീട് പണിക്കായി നടന്നു കൊണ്ടിരുന്ന മണ്ണെടുപ്പ് തടയുകയും ബലമായി അവരുടെ കൈയിൽ നിന്നും ജിയോളജി ബുക്ക് വാങ്ങുകയും ചെയ്തിരുന്നു. നടപടി ഭയന്ന് വയസായ വീട്ടമ്മ ബോധരഹിതയായി . നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ വെള്ളരിക്കുണ്ടിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഡ്രൈവർക്കെതിരെ വീട്ടമ്മ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. എന്നാൽ ജോലി തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ഡെപ്യുട്ടി തഹസിൽദാർ വീട്ടമ്മക്കെതിരെ പരാതി നൽകി.കേസിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ പ്രേംസദൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും വിവരം ആർ. ഡി .ഒയെയും വെള്ളരിക്കുണ്ട് തഹസിൽദാരെയും അറിയിക്കുകയായിരുന്നു.
ഇവരും നടത്തിയ അന്വേഷണത്തിൽ താൽകാലിക ഡ്രൈവറുടെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവ് കണ്ടെത്തി. ഇതിനിടയിൽ കാസർകോട് ജില്ലാ കളക്ടർ ഡി സജിത്ത് ബാബുവും വിഷയത്തിൽ ഇടപെട്ടു. തന്റെ നിർദ്ദേശ പ്രകാരമല്ല താൽകാലിക ഡ്രൈവർ വണ്ടിയുമായി പരിശോധനക്ക് ഇറങ്ങിയതെന്ന് തഹസിൽദാർ കുഞ്ഞിക്കണ്ണൻ കളക്ടർക്ക് മറുപടിയും നൽകി. താൽകാലിക ഡ്രൈവറെ നിയമിക്കാൻ ശുപാർശ ചെയ്ത സി .പി .ഐ നേതാക്കളും വിഷയത്തിൽ ഇടപെട്ട് യുവാവിനെ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിദ്ദേശിക്കുകയായിരുന്നു.
എല്ലാവിധ രേഖയും തയ്യാറാക്കിയാണ് വീട്ടമ്മ വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയത്. അന്യജില്ലക്കാരിയായ ഡെപ്യുട്ടി തഹസിൽദാരെ തെറ്റിദ്ധരിപ്പിച്ചാണ് താൽക്കാലിക ഡ്രൈവർ പരിശോധനയ്ക്കായി കൊണ്ടുപോയത്. നാലുവർഷം മുൻപാണ് പരപ്പ സ്വദേശിയായ യുവാവ് റവന്യൂ വകുപ്പിൽ താൽകാലിക ഡ്രൈവറായി ജോലിയിൽ കയറിയത്. വാഹന പരിശോധനയുടെ പേരിൽ ടിപ്പർ ലോറി ഡ്രൈവർമാരിൽ നിന്നും, വീട് പണിക്കായി മണ്ണ് നീക്കം ചെയ്യുന്നവരിൽ നിന്നും, കരിങ്കൽ ക്വാറി ഉടമകളിൽ നിന്നും ഈയാൾ പണപ്പിരിവ് നടത്തിയതായും ആരോപണമുയർന്നിരുന്നു.