തിരുവനന്തപുരം: ഒരു വാർഡിൽ നിന്നും മത്സരിക്കാൻ 15 പേരുടെ പട്ടികയാണ് അവിടുത്തെ പാർട്ടി കമ്മിറ്റി മേൽ കമ്മിറ്റിക്ക് നൽകിയത്. ഗ്രൂപ്പ്, ജാതി, മതം, ബന്ധുബലം ഒക്കെ നോക്കിയായിരുന്നു പട്ടികാസമർപ്പണം. എന്നാൽ പ്രഖ്യാപനം വരുമ്പോൾ പതിനാറാമനാകും സ്ഥാനാർത്ഥി. അപ്പോഴേക്കും തുടങ്ങും കലിപ്പ്. രാജിവയ്ക്കലായി.... റിബൽ ഭീഷണിയായി... പ്രതിഷേധം അങ്ങനെ നീളും. നഗരാതിർത്ഥിയോടു ചേർന്നു കിടക്കുന്ന ഒരു വാർഡിൽ മുമ്പൊരിക്കൽ സ്ഥാനാർത്ഥിയായിരുന്ന ആൾ ഇത്തവണയും സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടിയപ്പോൾ പ്രദേശത്തെ പാർട്ടി പ്രവർത്തകർ എതിർത്തു. അതിനൊരു കാരണം കഴിഞ്ഞതവണ ഇതേ സ്ഥാനാർത്ഥി മറ്റൊരു പാർട്ടി ചിഹ്നത്തിൽ തൊട്ടപ്പുറത്തെ വാർഡിൽ മത്സരിച്ചു ജയിച്ചു. ഇപ്പോൾ ഇപ്പുറത്തേക്കു ചാടിയപ്പോൾ പാർട്ടിയും മാറണം. എന്തായാലും സ്ഥാനാർത്ഥിയാകാൻ അനുവദിക്കില്ലെന്ന് പ്രദേശിക നേതാക്കൾ. താൻ തന്നെയാകുമെന്ന് സീറ്റുമോഹിയും. വെല്ലുവിളിയായി...ഒടുവിൽ പ്രാദേശിക നേതാക്കൾ ബ്ലിംഗസ്യയായി. സ്ഥാനാർത്ഥി ടിക്കറ്റ് നേരത്തെ പാർട്ടി മാറിയ വ്യക്തിക്കു തന്നെ നൽകി. ഒരു പാർട്ടിയിൽ കാര്യത്തോട് അടുക്കുമ്പോൾ ഗ്രൂപ്പ് മാത്രമല്ല, സബ് ഗ്രൂപ്പുകളുമുണ്ടത്രേ. ഇതിലൊന്നും പെടാത്തവർ സീറ്രും തട്ടിക്കൊണ്ടു പോകുമ്പോൾ അണികൾ രഹസ്യമായി ' പെയ്ഡ് സീറ്റാണോ? ' എന്നാണ് ചോദിക്കുക. ഇത്തിരി കാശ് മുടക്കിയിട്ടാണെങ്കിലും ജനപ്രതിനിധിയായി ജനത്തെ 'സേവി'ക്കാനുള്ള ആത്മദാഹം കാരണം ജില്ലാ, സംസ്ഥാന നേതാക്കളുടെ വീടുകളിലേക്ക് വിടുന്നവരുമുണ്ട്. രണ്ട് ഇലക്ഷൻ കാലം മുമ്പ് ഒരു നേതാവ് പാർട്ടി വിട്ടു. മറ്റൊരു പാർട്ടിയിൽ പോയി മത്സരിച്ചു. ഇപ്പോൾ വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങി എത്തി. മത്സരിക്കാൻ ടിക്കറ്ര് ചോദിച്ചു. അതും കൊടുത്തു. അപ്പോൾ സ്ഥാനാർത്ഥിയുടെ ആവശ്യം ' ഞാൻ പാർട്ടി പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ചാൽ പോരേ?' ... അങ്ങനെയെങ്കിൽ വെറും സ്വതന്ത്രനായി മത്സരിച്ചാൽ മതി. പാർട്ടി സ്ഥാനാർത്ഥിയെ വേറെ കണ്ടെത്തിക്കോളാമെന്ന് പാർട്ടി നേതാക്കൾ. പണി പാളുമെന്ന് മനസിലായപ്പോൾ 'അയ്യോ അതു വേണ്ടെ'ന്ന് സ്ഥാനാർത്ഥിയുടെ മറുപടി.