തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുമായി ബന്ധപ്പെടുത്തി ഹൈടെക് സ്‌കൂൾ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വക്കീൽ നോട്ടീസ് അയച്ചു. സത്യവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ചെന്നിത്തല മാപ്പുപറയണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കാണിച്ചാണ് നോട്ടീസ്.
ആരോപണം തെറ്റാണെന്നറിയിച്ച് പ്രതിപക്ഷ നേതാവിന് കത്തു നൽകിയെങ്കിലും തിരുത്താതെ അദ്ദേഹം ആരോപണം ആവർത്തിച്ചുവെന്ന് നോട്ടീസിൽ പറയുന്നു. കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും നോട്ടീസ് അയച്ചിട്ടുണ്ട്. കൈറ്റിന് വേണ്ടി സോളിസിറ്റേർസ് ഇന്ത്യ ലാ ഓഫീസ് ലീഡ് പാർട്ണറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ദീപക് പ്രകാശാണ് നോട്ടീസ് അയച്ചത്.