ശ്രീകാര്യം: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടവക്കോട് വാർഡിൽ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്. വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം. ഇടവക്കോട് വാർഡിൽ ഡി.സി.സി അംഗമായ ചേന്തി അനിലിന്റെ പേരാണ് വാർഡ് കമ്മിറ്റി ശുപാർശ ചെയ്‌തത്. എന്നാൽ ഒരു വിഭാഗം നേതാക്കൾ വാർഡ് കമ്മിറ്റി തീരുമാനം മാനിക്കാതെ മറ്റൊരാളെ പരിഗണിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമീപത്തെ ചെറുവയ്‌ക്കൽ വാർഡിൽ സി.എം.പി സ്ഥാനാർത്ഥിയായി അനിയുടെ ഭാര്യ സിനി മത്സരിക്കുന്നതിനാൽ ഭാര്യയ്‌ക്കും ഭർത്താവിനും സീറ്റ് നൽകാൻ കഴിയില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം നിലപാടെടുത്തതോടെ ഇടവക്കോട് വാർഡിൽ സ്ഥാനാർത്ഥി നിർണയം നീളുകയായിരുന്നു. അനിക്ക് പകരം മൂന്ന് പ്രാവശ്യം മത്സരിച്ച് പരാജയപ്പെട്ടയാളെ നേതൃത്വം പരിഗണിക്കുന്നതായി പാർട്ടി പ്രവർത്തകർ പറയുന്നു. തർക്കത്തെ തുടർന്ന് ഇടവക്കോട് വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കെ.പി.സി.സിക്ക് വിട്ടിരിക്കുകയാണ്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണ വാർഡായപ്പോൾ ഇടവക്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ് എത്തിയത്.