cag

തിരുവനന്തപുരം: കസ്റ്റംസ്,സി.ബി.ഐ, ഇ.ഡി, എൻ. ഐ.എ എന്നിയവയ്ക്ക് പിന്നാലെ മറ്റൊരു കേന്ദ്ര ഏജൻസിയായ സി.എ.ജിയും സംസ്ഥാന സർക്കാരിനെതിരെ രംഗത്ത്.

ലൈഫ്, കെ.ഫോൺ,ഐ.ടി.പദ്ധതികൾ തുടങ്ങി കഴിഞ്ഞ നാലര വർഷത്തിനിടെയുള്ള സർക്കാരിന്റെ വികസനപദ്ധതികളെല്ലാം സംശയ നിഴലിലാക്കിയ അന്വേഷണങ്ങൾക്കൊടുവിൽ വികസനത്തിന്റെ നട്ടെല്ലായ കിഫ്ബിയേയും സംശയത്തിലേക്ക് മാറ്റുകയാണ് സി.എ.ജി . ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനൊരുങ്ങുകയാണ് സർക്കാരും ഭരണമുന്നണിയും.എങ്കിലും സി.എ.ജി.ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വന്നാൽ സർക്കാരിന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിലാകും.

സംസ്ഥാനത്ത് അൻപതിനായിരം കോടിയുടെ വികസനപദ്ധതികളാണ് കിഫ്ബി വിഭാവനം ചെയ്യുന്നത്.വാഹന സെസിലെ വിഹിതമാണ് സർക്കാർ മുടക്കുമുതൽ.ബാക്കി തുക വിദേശങ്ങളിലെ ഒാഹരിക്കമ്പോളത്തിൽ നിന്ന് മസാല ബോണ്ടുകളിറക്കി സമാഹരിക്കുന്ന നവീന സംവിധാനമാണ് കിഫ്ബിക്കുള്ളത്. ഇത് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടാക്കുമെന്നും ഭരണഘടനയുടെ 293(1) അനുസരിച്ച് കേന്ദ്രാനുമതി വാങ്ങിയില്ലെന്നുമാണ് സി.എ.ജി.ആരോപണം. ഇത് ശരിയെന്ന് വന്നാൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും. ഭരണഘടനാ ലംഘനം വരെ ആരോപിക്കപ്പെടാം. നിയമകുരുക്കുമാകും. ഫലം കിഫ്ബി വികസനപദ്ധതികളെല്ലാം പ്രതിസന്ധിയിലാവും..

1999 മുതലുള്ളതാണ് കിഫ്ബി.അന്നുമുതൽ വായ്പയും വാങ്ങുന്നുണ്ട്. .293(1) സംസ്ഥാന സർക്കാരുകൾക്കാണ് ബാധകം. കിഫ്ബി ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുന്നതന്നല്ല, കിഫ്ബി സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതുകൊണ്ടിതിന് 293(1)ബാധകമല്ലെന്ന സർക്കാർ വാദം. ഇതിൽ അന്തിമതീരുമാനം പറയേണ്ടത് കോടതിയാണ്.

"സംസ്ഥാനത്തിന്റെ ധനകാര്യ നിലനിൽപ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. 30000 കോടിയുടെ ടെൻഡർ വിളിച്ചു. സംസ്ഥാന സർക്കാരിനോട് ഇത് ഭരണഘടനാനുസൃതമാണോയെന്ന് ചോദിക്കാതെയുള്ള റിപ്പോർട്ട് സി.എ.ജിയല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ല. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്"

-മന്ത്രി .തോമസ് ഐസക്