alappy-asharaf

മലയാള സിനിമയുടെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ ഓർമ്മൾക്ക് ഇന്ന് നാൽപ്പതു വയസാകുമ്പോഴും താൻ ശബ്ദ സാന്നിദ്ധ്യമായി മാറിയ ആ വലിയ നടന്റെ സ്മരണയിലാണ് ആലപ്പി അഷറഫ്. മിമിക്രി വേദികളുടെ തുടക്കക്കാരനും സിനിമാ സംവിധായകനുമൊക്കെയായ ആലപ്പി അഷറഫിന്റെ ശബ്ദത്തിലൂടെയാണ് അവസാനത്തെ നാലു സിനിമകളിൽ നാം ജയനെ കേൾക്കുന്നത്.

ജയന്റെ മരണശേഷം മനുഷ്യമൃഗം, ആക്രമണം, അറിയപ്പെടാത്ത രഹസ്യങ്ങൾ,ജയൻ മരണമടഞ്ഞ കോളിളക്കം എന്നീ സിനിമകളിൽ ജയന് വേണ്ടി ഡബ്ബ് ചെയ്തത് അഷറഫാണ്.

"പ്രമുഖനായ പി.ജെ. ആന്റണി യ്ക്ക് ശബ്ദം കൊടുത്തത് വഴിയാണ് ഞാൻ ജയനിലേക്ക് എത്തുന്നത്. ശശികുമാർ സംവിധാനം ചെയ്ത ചൂള എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന വേളയിലാണ് പി. ജെ. ആന്റണി മരണമടയുന്നത്. ഞാനന്ന് നസീർ, ഉമ്മർ, മധു തുടങ്ങി ഒട്ടുമിക്ക നടൻമാരെയും മിമിക്രിയിലൂടെ അവതരിപ്പിച്ചിരുന്ന കാലം. എന്നെക്കുറിച്ച് അറിഞ്ഞ ആലപ്പുഴക്കാരൻ കൂടിയായ സംവിധായകൻ ശശികുമാർ വിളിച്ചു. അങ്ങനെയാണ് പി.ജെ. ആന്റണിയ്ക്ക് ശബ്ദം കൊടുത്തത്. ജയൻ മരിക്കുമ്പോൾ കോളിളക്കം ഉൾപ്പെടെ നാലു പടങ്ങളാണ് ഡബ്ബ് ചെയ്യാനുണ്ടായിരുന്നത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ ശശികുമാർ എന്നെ കുറിച്ച് മനുഷ്യമൃഗത്തിന്റെ സംവിധായകൻ ബേബി യോടു പറഞ്ഞു. അതിൽ ജയൻ ഡബിൾ റോളിലായിരുന്നു. രണ്ടു പേർക്കും വേണ്ടി ഞാൻ ശബ്ദം കൊടുത്തു. ആർക്കും ഒരു സംശയവും തോന്നിയില്ല. കോളിളക്കത്തിന്റെ ക്ലൈമാക്സ് സീനാണ് ആദ്യം ഡബ്ബ് ചെയ്തത്. ജയന്റെ അവസാന നിമിഷങ്ങൾ സ്‌ക്രീനിൽ കണ്ടതോടെ ഞാൻ വികാരാധീനനായി. മനുഷ്യമൃഗം രണ്ട് ദിവസം എടുത്താണ് ഡബ്ബ് ചെയ്തതെങ്കിൽ കോളിളക്കം വെറും 4 മണിക്കൂർ കൊണ്ടു തീർത്തു. ജയന് ശബ്ദം കൊടുത്ത വിവരം പുറത്താരോടും പറയരുതെന്ന നിർമ്മാതാക്കളുടേയും സംവിധായകരുടേയും നിബന്ധന ഞാൻ മൂന്നു പതിറ്റാണ്ടോളം പാലിച്ചു. ജയന്റെ ബന്ധുക്കൾ തന്നെയാണ് ഈ രഹസ്യം പിന്നീട് പരസ്യപ്പെടുത്തിയത് ' ആലപ്പി അഷറഫ് പറഞ്ഞു.

സിനിമയിൽ കേൾക്കുന്നത് ജയന്റെ ശബ്ദമല്ല എന്ന മുൻ വിധിയോടെ കാണികൾ സിനിമ കണ്ടാൽ അത് പടത്തിന്റെ വിജയത്തെ ബാധിക്കുമെന്നതിനാലാണ് സിനിമാക്കാർ വിവരം പുറത്തു പറയരുതെന്ന നിബന്ധന വച്ചതെന്നും അഷറഫ് പറയുന്നു. പിന്നീട് മിമിക്രിക്കാരിൽ ചിലർ അവതരിപ്പിച്ച പോലെ അല്ലായിരുന്നു ജയന്റെ ശബ്ദം. മുഴക്കമുള്ള ശബ്ദത്തിന് ഒരു മാധുര്യവുമുണ്ടായിരുന്നു. ജയന്റെ വേർപാടിന് ശേഷം പതിറ്റാണ്ടുകൾ കടന്നു പോയെങ്കിലും ഇന്നും ഈ ശബ്ദം ആഘോഷിക്കുന്നത് മലയാള സിനിമാ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമാണെന്നും ആലപ്പി അഷറഫ് പറയുന്നു.
സിനിമകളിൽ ജയൻ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച കാലം മുതൽ അടുത്ത് പരിചയമുണ്ട് അഷറഫിന്. ഒരിക്കൽ ജയൻ അഷറഫിനോടു പറഞ്ഞു; "നിങ്ങൾ കണ്ടോളൂ, മലയാള സിനിമയിൽ അറിയപ്പെടുന്ന ആളായി ഞാൻ മാറിയിരിക്കും. എനിക്കാത്മ വിശ്വാസമുണ്ട്." ജയന്റെ ഓർമ്മകൾ നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിലും ഈ വാക്കുകളാണ് അഷറഫിന്റെ കാതുകളിൽ മുഴങ്ങുന്നത്.