പൂവാർ: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണോടുകൂടി സ്റ്രേജ് കലാകാരന്മാരുടെ ജീവിതത്തിൽ തിരശീല വീണിരിക്കുകയാണ്. പ്രൊഫഷണൽ കലാകാരന്മാർ മുതൽ തെരുവിൽ നാടകം അവതരിപ്പിച്ച് നിത്യജീവിതത്തിനുള്ള വക തേടുന്നവർ വരെ ഇന്ന് പ്രതിസന്ധിയിലാണ്. നാടകം, കഥകളി, ഓട്ടൻതുള്ളൽ, ചെണ്ടമേളം, പഞ്ചാരിമേളം, നാഗസ്വരമേളം, ഭജനസംഘങ്ങൾ, കഥാപ്രസംഗം, ബാലെ, ഡാൻസ്, മിമിക്സ്, ഗാനമേള ട്രൂപ്പുകൾ, ആഡിയോ-വീഡിയോ റെക്കാഡിംഗ് സെന്ററുകൾ തുടങ്ങിയവയിലെ കാലാകാരൻന്മാരുടെയും കൂടാതെ ഇതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ ചെയ്യുന്നരുടെയും ജീവിതമാണ് കൊവിഡ് കാരണം ദുരിതത്തിലായത്. വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നാവുന്നു. കുടുംബം പുലർത്താൻ വരുമാനമില്ല. കുട്ടികളുടെ പഠനവും വഴിമുട്ടുന്നു. കടവും കടക്കെണിയും കൊണ്ട് പൊറുതിമുട്ടുന്നു. വരുമാനമില്ലാത്തതിനാൽ പലരും കുടുംബത്തിൽ അധികപ്പറ്റായി മാറിയിരിക്കുന്നു. ആത്മഹത്യയല്ലാതെ മുന്നിൽ വേറെ വഴിയില്ലന്ന് വിലപിക്കുന്നവരാണ് ഏറെയും. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നഷ്ടമായതൊന്നും ഇനി തിരിച്ചു കിട്ടുകയില്ലന്ന് അവർക്ക് നന്നായറിയാം. ഇനിയെന്ത് എന്ന ചോദ്യം അവരെ വീർപ്പുമുട്ടിക്കുകയാണെന്ന് പല കലാകാരന്മാരും പറയുന്നു. ബാങ്ക് ലോൺ എടുത്ത് ട്രൂപ്പ് തുടങ്ങിയവർ ജപ്തിയുടെ വക്കിലാണ്. യാത്രയ്ക്കായി വാങ്ങിയ വാഹനം ഓട്ടമില്ലാതെ കട്ടപ്പുറത്തായിരിക്കുകയാണ്. ഈ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുമെന്ന ചിന്തയ്ക്ക് ഉത്തരമില്ലാതെ വിഷമിക്കുകയാണവർ. മറ്റ് മാർഗങ്ങളില്ലാതെ ചിലർ പട്ടിണിയിലും ദാരിദ്ര്യത്തിലും വീട്ടിനുള്ളിൽ തന്നെ കഴിയുമ്പോൾ മറ്റ് ചിലർ കൂലിപ്പണിക്ക് പോയി കുടുംബം പോറ്റുകയാണ്. പ്രവർത്തന മേഖല കലയായതിനാൽ ഇവർക്ക് അനുയോജ്യമായ മറ്റൊരു തൊഴിൽ മേഖല കണ്ടെത്തുക പ്രയാസമാണ്. ഇനി എന്ന് സ്റ്റേജിൽ കയറി കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്ന ചേദ്യമാണ് ഇവർക്ക് ചോദിക്കാനുള്ളത്. വരുന്ന ക്രിസ്മസും മാർ‌ച്ചിൽ ആരംഭിക്കുന്ന ഉത്സവകാലവും തങ്ങളുടെ ദുഃഖങ്ങളെല്ലാം മാറ്റുമെന്ന പ്രതീക്ഷയിലാണവർ.

 സീസൺ കൊവിഡ് കൊണ്ടുപോയി

സാധാരണ ഗതിയിൽ ഉത്സവകാലമാണ് ഇവരുടെ സീസൺ. സ്റ്റേജിൽ നിന്നും സ്റ്റേജുകളിലേക്ക് പാഞ്ഞിരുന്ന ഇവർ ഒരു വർഷത്തേക്ക് ആവശ്യമായ വരുമാനം സീസണിൽ നേടുകയാണ് പതിവ്. കഴിഞ്ഞ ഉത്സവ സീസൺ കൊവിഡ് കാരണം ഉപേക്ഷിക്കേണ്ടി വന്നതിനാൽ വരുമാനം ഇല്ലാതായി. പലരും കടം വാങ്ങിയും പലിശയ്ക്ക് പണം വാങ്ങിയുമാണ് നിലവിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. ഇവ‌ർ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇനിയെന്തെന്ന ചോദ്യം ഇവരെ വീർപ്പുമുട്ടിക്കുകയാണെങ്കിലും വരുന്ന ഉത്സവ സീസണോടുകൂടി എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഇവർ.

 കഴിഞ്ഞ ഉത്സവ സീസൺ കൊവിഡിൽ നഷ്ടപ്പെട്ടതോടെ സ്റ്റേജ് കലാകാരന്മാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കൊവിഡിന്റെ വെല്ലുവിളി തുടരുമ്പോഴും വരുന്ന ക്രിസ്മസിലും ഉത്സവസീസണിലും നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണിവർ.

 കൊവിഡ് മഹാമാരി കാരണം കലാകാരന്മാരുടെ ജീവിതം ദുരിതപൂർണമാകുന്ന സാഹചര്യത്തിൽ സർക്കാർ അവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം. നാടകനടനും കഥാകൃത്തും

സംവിധായകനുമായ അരുമാനൂർ ദിലീപ്