sheela

"അഭിനയം ജയനെന്നും ആവേശമായിരുന്നു .... അതു കൊണ്ടാണ് വിട പറഞ്ഞ് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമായി ജയൻ ജനമനസുകളിൽ ജീവിക്കുന്നത്.." മലയാളത്തിന്റെ താര റാണിയായിരുന്ന ഷീല ഓർക്കുകയാണ് ജയനെ.

ജയൻ ആദ്യം സിനിമയിൽ മുഖം കാണിച്ച പാട്ടു സീൻ ഷീലയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
"ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന സിനിമ .എന്റെയും കെ.പി. ഉമ്മറിന്റെയും കഥാപാത്രങ്ങൾ നവ വധൂവരന്മാർ. ആ വിവാഹ സദസിൽ ഒരു ഗായകനായിട്ടാണ് അന്നത്തെ കൃഷ്ണൻ നായർ ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആ സീൻ എടുക്കുന്നതിനും മുമ്പ് 'ഷീലാമ്മ ഞാൻ കൃഷ്ണൻ നായർ, നേവിയിലായിരുന്നൂ' എന്ന് പറഞ്ഞ് ആദ്യം പരിചയപ്പെട്ടതു പോലും ഞാൻ മറന്നിട്ടില്ല. പിന്നീട് സിനിമയിൽ വലിയൊരു നടനാകണം എന്ന ഉറച്ച ആഗ്രഹത്തോടെ ആയിരുന്നൂ ജയന്റെ ഓരോ കാൽവെയ്പും" ഷീല 'കേരളകൗമുദി ഫ്ളാഷി' നോടു പറഞ്ഞു.

ജയന്റെ കാമുകിയായും സഹോദരിയായുമൊക്കെ വിവിധ സിനിമകളിൽ ഞാനഭിനയിച്ചു. സിനിമാ സെറ്റിലും പുറത്തും മാന്യമായി പെരുമാറുന്ന ജയനോട് എല്ലാവർക്കും വലിയ താൽപ്പര്യമായിരുന്നു .

ഞാൻ സംവിധാനം ചെയ്ത ' ശിഖരങ്ങൾ ' എന്ന സിനിമയിലെ നായകനും ജയനായിരുന്നു. സിനിമാ മേഖലയിൽ ഞാനുൾപ്പെടെ അഞ്ചു പേർ ചേർന്ന് രൂപീകരിച്ച 'ഫൈവ് ഫിംഗേഴ്സ് ' എന്ന പ്രൊഡക്ഷൻ കമ്പിനിയിലെ ഒരംഗം ജയനായിരുന്നു. ഞങ്ങൾ തുല്യമായി ഷെയർ ഇട്ട് ഒരു സിനിമ നിർമ്മിക്കാനിരിക്കെയാണ് ജയന്റെ മരണം. മദ്രാസിൽ നിന്ന് ജയന്റെ മൃതദ്ദേഹം കൊല്ലത്ത് എത്തിക്കും വരെ ഞാനും ഒപ്പമുണ്ടായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അന്ത്യയാത്ര. സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പിറ്റേന്ന് തന്നെ, ജയന്റെ അമ്മയെക്കണ്ട്, ഫൈവ് ഫിംഗേഴ്സിനായി ജയൻ തന്നിരുന്ന അഡ്വാൻസ് തുക മടക്കിക്കൊടുത്തു. പ്രേക്ഷകർ ഇന്നും ജയനെ ആരാധിക്കുന്നു, ഇഷ്ടപ്പെടുന്നു. പഴയ സിനിമകൾ ഇടയ്ക്കിടെ കാണുന്ന ഞാനും സത്യത്തിൽ ജയൻ ഫാനാണ്.. ' ഷീല പറഞ്ഞു.