yu

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്നലെ രാത്രി അവസാനിച്ചതോടെ ഇന്നുമുതൽ വീറോടെ അങ്കംവെട്ടാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മുന്നണികളും. ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള പൊതുയോഗങ്ങളും റാലികളും ഇന്നു മുതൽ സജീവമാകും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒരാഴ്ചയായെങ്കിലും നിരോധനാജ്ഞയുള്ളതിനാൽ മുന്നണികൾ കരുത്ത് കാട്ടിയിരുന്നില്ല. എന്നാൽ ഇന്നുമുതൽ വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുക. ഭരണം നിലനിറുത്താൻ ഇടതുമുന്നണി അക്ഷീണം പ്രയത്നിക്കുമ്പോൾ കഴിഞ്ഞ തവണത്തെ മുന്നേറ്റം ശക്തമാക്കി ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇരുമുന്നണികൾക്കുമെതിരെ അട്ടിമറിവിജയം യു.ഡി.എഫും പ്രതീക്ഷിക്കുന്നു.സംസ്ഥാനം ഉറ്റുനോക്കുന്ന തലസ്ഥാന കോർപറേഷനിലെ മത്സരം അതുകൊണ്ടുതന്നെ തീപാറും. എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികളെ അണിനിരത്തി കൺവെൻഷൻ സംഘടിപ്പിക്കുന്ന പതിവ് നിരോധനാജ്ഞ കാരണം നീണ്ടുപോയെങ്കിലും ഇക്കുറിയും ഉണ്ടാകും. ഇടതുമുന്നണി ഇന്നലെ സ്ഥാനാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും രാത്രി 12 വരെ നിരോധനാജ്ഞയുള്ളതിനാൽ പരിപാടി നാളെ വൈകിട്ട് അഞ്ചിന് നടക്കും. യു.ഡി.എഫും ബി.ജെ.പിയും സമാനമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. മേയർ സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെ പരമാവധി സീറ്റുകൾ ഉറപ്പിക്കുകയെന്ന തന്ത്രമാണ് മൂന്നു മുന്നണികളും പയറ്റുന്നത്. എന്നാൽ ജില്ലാ പ്രസിഡന്റിനെ കളത്തിലിറക്കി ബി.ജെ.പി പോരാട്ടത്തിന് നേതൃമുഖം കൊടുത്തതോടെ അതിനെ വെല്ലുന്ന പ്രവർത്തനങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും അണിയറയിൽ ഒരുങ്ങുകയാണ്. സീറ്റ് നിർണയത്തെ ചൊല്ലിയുള്ള തർക്കം യു.ഡി.എഫിനെ വേട്ടയാടുമ്പോൾ എൽ.ഡി.എഫിലും ബി.ജെ.പിയിലും അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. പ്രചാരണം വാശിയേറിയ ഘട്ടത്തിലേക്ക് കടന്നതോടെ ആഭ്യന്തര വെടിനിറുത്തൽ പ്രഖ്യാപിച്ച് പുഞ്ചിരിയുമായി ജനങ്ങൾക്കിടിലേക്ക് ഇറങ്ങാനുള്ള നിർദ്ദേശമാണ് മുന്നണികളുടെ ജില്ലാഘടകം താഴേ തട്ടിൽ നൽകിയിരിക്കുന്നത്.

കൊവിഡിനെ മറക്കരുത്

തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ് മുന്നണികൾക്ക്... പക്ഷേ പോരാടാൻ ജീവൻ വേണമെന്ന് ഓരോരുത്തരും ഓർമ്മിക്കേണ്ട ഘട്ടമാണ്. കൊവിഡ് ശമിച്ചതുകൊണ്ടല്ല, തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് നിരോധനാജ്ഞ പിൻവലിച്ചത്. മുന്നണികളിലെ ഓരോ പ്രവർത്തകരും മാസ്കിട്ട് ഗ്യാപ്പിട്ട് വേണം വോട്ടുതേടാൻ. രോഗവ്യാപനത്തിൽ ശമനമുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി രൂക്ഷമായേക്കാവുന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.