ക്ളാസ് കിൻസ്ക്കിയും വെർണർ ഹെർസോഗും തമ്മിലും തോഷി റോമി ഫുനേയും അകിരാ കുറസോവയും തമ്മിലുള്ളതിന് സമമായിരുന്നു സൗമിത്രാചാറ്റർജിയും സത്യജിത് റേയുമായുള്ള ബന്ധം എന്ന് പറയാവുന്നതാണ്.
എന്നാൽ സൗമിത്രാ ചാറ്റർജി പ്രതിഭാശാലിയായ ഒരു ചലച്ചിത്ര അഭിനേതാവുമാത്രമല്ല, മികച്ച കവി, നാടകകൃത്ത്, നാടക സംവിധായകൻ, നാടക നടൻ, ടെലിവിഷൻ താരം, പത്രാധിപർ, പരിഭാഷകൻ തുടങ്ങി സർഗാത്മകമായ സാംസ്കാരിക പ്രവർത്തനത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഭാവസാന്ദ്രമായ കാവ്യാവതരണവും സൗമിത്രാചാറ്റർജി താത്പര്യപൂർവം സമയം കണ്ടെത്തി പങ്കെടുത്ത മേഖലയായിരുന്നു. പുരോഗമന മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഒരിക്കലും അദ്ദേഹം ഉപേക്ഷിച്ചില്ല.
'ജൽസാഘർ" സൗമിത്ര ചാറ്റർജിയുടെ ജീവിതത്തിൽ മറക്കാനാവാത്ത ചലച്ചിത്രമാണ്. സത്യജിത് റേയുടെ ഏറ്റവും മികച്ച ചലച്ചിത്ര രചനകളിൽ ഒന്നാണത് എന്ന അർത്ഥത്തിൽ മാത്രമല്ല; അതിന്റെ ചിത്രീകരണം നേരിട്ട് കാണാൻ ചെന്ന സന്ദർഭത്തിലാണ് 'അപുവിന്റെ ലോക"ത്തിലെ നായകൻ സൗമിത്രയാണെന്ന കാര്യം സത്യജിത് റേയിൽനിന്ന് നേരിട്ടു കേൾക്കാൻ യുവാവായ സൗമിത്രയ്ക്ക് സൗഭാഗ്യമുണ്ടായത്. തനിക്ക് മഹാനായ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുമോ എന്ന കടുത്ത ആശങ്കയോടാണ് അന്നവിടെനിന്ന് മടങ്ങിയത്. ഉത്സാഹവും സന്തോഷവും മനസിന്റെ ഒരു കോണിൽ മുളപൊട്ടുമ്പോൾത്തന്നെ.
എം.എയ്ക്ക് പഠിക്കുമ്പോൾ നാടക സംവിധായകനും അഭിനേതാവുമായിരുന്ന അഹീന്ദ്ര ചൗധരിയിൽ നിന്നു അല്പസ്വല്പം അഭിനയം പഠിച്ച പശ്ചാത്തലവും ബംഗാളി നാടകരംഗത്തെ അതികായനായ സിസിർഭാദുരി അദ്ദേഹത്തിന്റെ അവസാനനാളുകളിൽ നൽകിയ പരിശീലനവും പരിമിതമായ മാർഗനിർദ്ദേശങ്ങളും കുറച്ചാെക്കെ ആത്മവിശ്വാസം ആർജിക്കാൻ സൗമിത്രയെ സഹായിച്ചു. 1958 ആഗസ്റ്റിലാണ് 'ജൽസഘർ" ചിത്രീകരണം തുടങ്ങിയത്. ആദ്യതവണ ചിത്രീകരണം തന്നെ ശരിയാണെന്ന് സംവിധായകൻ റേ പറഞ്ഞപ്പോൾ ഒരു പുതിയ അഭിനയപ്രതിഭയുടെ ചരിത്രം സമാരംഭിക്കുകയായിരുന്നു.
സൗമിത്രാചാറ്റർജിയെ മനസിൽ വച്ചുകൊണ്ട് സത്യജിത് റേ തിരക്കഥകൾ രചിച്ചിട്ടുണ്ട് എന്നതിൽപ്പരം അംഗീകാരവും അഭിമാനവും ഒരു അഭിനേതാവും പ്രതീക്ഷിക്കില്ല എന്ന് ഉറപ്പിച്ചു പറയാനാവും. അവർക്ക് ചലച്ചിത്രകലയെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ. 14 ചലച്ചിത്ര രചനകളിലാണ് സത്യജിത് റേയ്, സൗമിത്രാചാറ്റർജിയുടെ ആവിഷ്കാര ശേഷി ഉപയോഗപ്പെടുത്തിയത്.
അവരിരുവരുടെയും പരസ്പര സൗഹൃദം ചലച്ചിത്രമേഖലയിൽ ഒതുങ്ങിയില്ല. പുതിയൊരു ചെറുമാഗസിൻ തുടങ്ങുന്ന ആശയവുമായി സൗമിത്ര റേയെ സന്ദർശിച്ചു. അതിന് സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും പേര് നിശ്ചയിച്ചുതരികയും വേണമെന്ന് അഭ്യർത്ഥിച്ചു.
അല്പമൊന്നാലോചിച്ചിട്ട് 'എഖോൺ" (ഇപ്പോൾ) എന്ന പേര് റായ് നിർദ്ദേശിച്ചു. സർവ്വർക്കും അത് സ്വീകാര്യമായി! അതിന്റെ കവർ ചിത്രീകരണം മുതൽ ഒട്ടേറെ ജോലികൾ സത്യജിത് റേയ് നിർവഹിച്ചു എന്നത് ചരിത്രം.