മലയാള സിനിമയിലേക്ക് പറന്നിറങ്ങി മിന്നിമറഞ്ഞ നക്ഷത്രമായിരുന്നു ജയൻ. ചെറിയ വേഷങ്ങളിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ജയന്റെ വളർച്ച കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. വടിവൊത്ത ഉറച്ച ശരീരവുമായി എത്തി കേവലം ആറ് വർഷം കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റെ പേരും പെരുമയും ഉറപ്പിച്ചു നിർത്തിയ ആ മഹാനടന്റെ വിയോഗം അന്നും ഇന്നും ആരാധകർക്ക് ഒരു ഞെട്ടലാണ്. മലയാള സിനിമയെയും സിനിമാസ്വാദകരെയും കണ്ണീരിലാഴ്ത്തി ജയൻ മറഞ്ഞിട്ട് ഇന്ന് 40 വർഷമാകുമ്പോഴും വീരപരിവേഷത്തോടെ മരണത്തെ തോൽപ്പിച്ച് ജയൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ജയൻ എന്ന സാഹസിക പ്രതിഭ ഉയരങ്ങളിലേക്ക് ഉയരുമ്പോഴും മരണം ഒരു നിഴലായി അദ്ദേഹത്തെ പിൻതുടർന്നിരിക്കാം.
സ്റ്റണ്ട് സീനുകളിൽ മറ്റ് നായകനടന്മാർക്കു വേണ്ടി ഡ്യൂപ്പുകൾ ചെയ്യുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്ടർ അപകടത്തിലാണ് 1980 നവംബർ 16ന് ജയൻ അകാലമൃത്യുവരിച്ചത്. 41 വയസേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. ചിത്രത്തിന്റെ പേരുപോലെ ജയന്റെ മരണവും സിനിമാ ലോകത്തും ആരാധകമനസുകളിലും കോളിളക്കം സൃഷ്ടിച്ചു. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചതെന്ന് കോളിളക്കത്തിന്റെ നിർമ്മാതാവ് പറയുന്നു. സ്വന്തം പരിശ്രമത്തിലൂടെ തന്റേതായൊരു ലോകം നിർമ്മിച്ചെടുക്കാനും അതുവഴി മലയാളസിനിമയെ അന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിലേക്കും ആക്ഷൻ രംഗങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകാനും ശരീരം പോലെ ഉറച്ച ജയന്റെ മനസിന് സാധിച്ചു. അത്തരം സിനിമകൾ ചെയ്യാൻ പ്രമുഖ സംവിധായകർക്ക് പോലും അന്ന് ധൈര്യമായത് ജയൻ എന്ന നടന്റെ ആത്മാർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണെന്നത് വിസ്മരിക്കാനാകില്ല.
ജീവിതരേഖ
1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്ത് കൃഷ്ണൻ നായർ എന്ന ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. അനുജൻ സോമൻ നായർ . വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിലും കലാകായികരംഗത്തും മികവ് പ്രകടിപ്പിച്ച ജയൻ സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ച ശേഷമാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
സിനിമാജീവിതം
1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. അഭിനയത്തിലെ സവിശേഷ ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു.
പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ വലിയ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല.
ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 'പൂട്ടാത്ത പൂട്ടുകൾ' എന്ന തമിഴ് ചിത്രമുൾപ്പെടെ നൂറ്റിയിരുപതോളം ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള 90 ശതമാനം ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. കോളിളക്കം ജയന്റെ അവസാന സിനിമ ആകാതിരുന്നുവെങ്കിൽ ഒരുപക്ഷേ ചരിത്രം മറ്റൊന്നാകുമായിരുന്നു.