പാറശാല: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കണ്ടതോടെ യാത്രാനിയന്ത്രണങ്ങൾക്കും അധികൃതർ അയവ് വരുത്തി. അതിർത്തി മേഖലകളിൽ കേരള - തമിഴ്‌നാട് സർക്കാരുകൾ ഏർപ്പെടുത്തിയിരുന്നതായ നിയന്ത്രണങ്ങളും ലഘൂകരിച്ചു. എങ്കിലും അതിർത്തി കടക്കുന്നതിനായി എത്തുന്ന യാത്രക്കാരുടെ ആശങ്കയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇരു സർക്കാരുകളും തയ്യാറാകുന്നില്ല. നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ അതിർത്തി കടക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന പാസ് സംവിധാനം വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കിലും ടെസ്റ്റിംഗ് സംവിധാനത്തിൽ ഇരു സംസ്ഥാനങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിൽ കൊവിഡ് സ്‌ക്രീനിഗ് ടെസ്റ്റ് നിറുത്തലാക്കി എങ്കിലും അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലെ സ്‌ക്രീനിംഗ് കേന്ദ്രം തുടർന്ന് പ്രവർത്തിക്കുകയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം കൂടുന്നു എന്ന കാരണം പറഞ്ഞിട്ടാണ് യാത്രക്കാരിൽ ചിലരെയെങ്കിലും ടെസ്റ്റിന് വിധേയരാക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കളിയിക്കാവിള വഴി കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഇഞ്ചിവിള ചെക്പോസ്റ്റിന് സമീപം ഏർപ്പെടുത്തിയിരുന്ന കൊവിഡ് സ്‌ക്രീനിംഗ് സംവിധാനം വേണ്ടെന്ന് വച്ചതിനെ തുടർന്ന് കേന്ദ്രം അടച്ച് പൂട്ടി. പകരം വാഹനങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ ചെക്പോസ്റ്റ് അധികൃതർ ചോദിച്ച് അറിയുക മാത്രമാണ് ചെയ്യുന്നത്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തി തിരികെ എത്തുന്നവരെയും അതിർത്തിയുടെ സമീപത്ത് താമസിക്കുന്നവരുമായ കേരളീയരെ അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട് അധികൃതരായ ചിലർ തടഞ്ഞ് നിറുത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതായും പരാതികളുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി കളിയിക്കാവിള വഴി തമിഴ്നാട്ടിലേക്കും തിരികെയും ഉണ്ടായിരുന്നതായ അന്തർ സംസ്ഥാന സർവീസുകൾ പുനരാരംഭിക്കാത്തത് കാരണം ഇരു സംസ്ഥാങ്ങളുടെയും ട്രാൻസ്‌പോർട്ട് ബസുകളിലൂടെ എത്തുന്ന യാത്രക്കാർ അതിർത്തിക്ക് ഇരുവശത്തായും ഇറങ്ങി അതിർത്തി കടന്ന് മറ്റ് ബസുകളിൽ എത്തി യാത്ര തുടരുന്നത്.