തിരുവനന്തപുരം :തിരഞ്ഞെടുപ്പിന് ചൂടിലേക്ക് നഗരം മാറിയതോടെ നഗരസഭയിലെ സുപ്രധാനമായ റവന്യൂ വിഭാഗം സ്തംഭനാവസ്ഥയിൽ.പുതിയ വീടിന് കരം നിശ്ചയിച്ച് കൊടുക്കുക,വീടിന്റെ ഉടമസ്ഥാവകാശം നിർണയം, കൂട്ടിച്ചേർക്കലിന് അനുവാദം എന്നീ ആവശ്യങ്ങൾക്കായി നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പാവപ്പെട്ടവന് വീട് നൽകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) പ്രകാരമുള്ള അപേക്ഷകൾ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ മേശയ്ക്ക് അകത്തും പുറത്തുമായി നിശ്ചലാവസ്ഥയിലാണ്.റവന്യൂ ഇൻസ്‌പെക്ടർ എഴുതിവിടുന്ന അപേക്ഷകളാണ് ഇത്തരത്തിൽ ചില ഉദ്യോഗസ്ഥരുടെ അലസതയും കെടുകാര്യസ്ഥതയും കാരണം ചുവപ്പുനാടയിൽ കുരുങ്ങിയത്. സേവനാവകാശ നിയമപ്രകാരം,പുതിയ വീടിന് കരം നിശ്ചയിച്ച് നൽകാനുള്ള സമയപരിധി 15 ദിവസമാണ്.ഉടമസ്ഥവകാശം മാറ്റുന്നതിന് ഏഴ് ദിവസവും.എന്നാൽ ഒന്നരമാസത്തിലേറയായി തീർപ്പാക്കാനുള്ള ഫയലുകളുണ്ട്.നിലവിലുള്ള വീടിനോട് ചേർന്ന് കൂട്ടിച്ചേർക്കൽ നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ ചിലത് മൂന്ന് മാസത്തോളമായി തീർപ്പാക്കാനുണ്ട്.
എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് വെരിഫിക്കേഷൻ കഴിഞ്ഞ് പോകുന്ന ഫയലുകൾ സൂപ്രണ്ടിന്റെയും മറ്റുചില ഉദ്യോഗസ്ഥരുടെയും ശ്രദ്ധക്കുറവ് മൂലം തീർപ്പാക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം.ഇതിൽ പല ഫയലുകളും കാണാനില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.അന്വേഷിച്ചു ചെല്ലുന്നവർക്ക് കൃത്യമായ മറുപടി ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്നില്ലെന്നാണ് പരാതി.
കെട്ടിക്കിടക്കുന്ന അപേക്ഷകൾ
പുതിയ വീടുകൾക്ക് കരം തീർത്തുനൽകുന്നതിന് 182
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് 102
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അപേക്ഷകൾ 82
കൂട്ടിച്ചേർക്കൽ നിർമ്മാണങ്ങൾക്കുള്ള അപേക്ഷകൾ 68