തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച പരാതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കുമുള്ള സംശയ നിവാരണം നടത്തുന്നതിനുമായി ജില്ലാതലങ്ങളിൽ മോണിറ്ററിംഗ് സെൽ രൂപീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. ജില്ലാ കളക്ടർമാർ അദ്ധ്യക്ഷരായ സമിതിയുടെ കൺവീനർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരാണ്. ജില്ലാ പൊലീസ് മേധാവി, ഇലക്ഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരാണ് അംഗങ്ങൾ. പരാതികളിൽ ഉടൻ തീർപ്പുണ്ടാക്കണം. കുറ്റക്കാർക്കെതിരെ നിയമനടപടി ആവശ്യമാണെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറണം. കമ്മീഷന്റെ ഇടപെടൽ ആവശ്യമാണെങ്കിൽ അന്വേഷണ റിപ്പോർട്ട് സഹിതം കൈമാറണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി രണ്ടുദിവസത്തിലൊരിക്കൽ യോഗം ചേർന്ന് കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.