rto-

പിലിക്കോട്: ഓർമ്മ ദിനത്തോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോൾ പിലിക്കോട് വറക്കോട്ടു വയലിലെ എം.പി. ജിതിനും (24)കുടുംബത്തിനും ആശ്വാസം. 2019 ഡിസംബർ 27ന് നടന്ന അപകടത്തെ തുടർന്ന് ഒരു വർഷമായി ജിതിൻ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കിടപ്പിലാണ്. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടി.എം. ജേഴ്‌സണിന്റെ നിർദേശപ്രകാരം ആയിരുന്നു സന്ദർശനം.

ഫുട്‌ബാൾ കളിക്കാനായി ബൈക്കിൽ ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ പിലിക്കോട് പടുവളത്ത് വെച്ച് കാറിനെ ഓവർടേക്ക് ചെയ്തുവന്ന പച്ചക്കറി ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സിച്ച് ജീവൻ രക്ഷിച്ചെങ്കിലും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. എഴുന്നേറ്റ് നടക്കാനോ പര സഹായം കൂടാതെ ദൈനംദിന പ്രവർത്തികൾ ചെയ്യാനോ സാധിക്കുന്നില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സർജറി ചെയ്ത ജിതിനെ ഇപ്പോൾ ഡോക്ടർ സമീറിന്റെ നേതൃത്വത്തിൽ ഫിസിയോ തെറാപ്പിയിലൂടെ പൂർവ സ്ഥിതിയിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് വീട്ടുകാർ. ജനാർദനൻ-ഗീത ദമ്പതികളുടെ മൂത്ത മകനായ ജിതിൻ ചെറുവത്തൂരിലെ സ്വകാര്യ ഐ.ടി.ഐ യിലെ ഓട്ടോമൊബൈൽ വിദ്യാർത്ഥി ആയിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിജോ വിജയ്, പ്രവീൺ കുമാർ, പി.വി. വിജേഷ്, ഡ്രൈവർ മനോജ് കുമാർ എന്നിവരാണ് ജിതിന്റെ വീട് സന്ദർശിച്ചത്.

അശ്രദ്ധമായി വാഹനം ഓടിച്ചു അപകടം വരുത്തുന്നവർ കാണണം ജിതിനെ പോലുള്ള അനേകം പേരുടെ സങ്കടങ്ങൾ. ഇതിനെതിരായ സന്ദേശം പകരുകയാണ് ഈ ഓർമ്മ ദിനം.