പേരാവൂർ: പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നവർ ഇനി വിഷമിക്കേണ്ട. നിങ്ങൾക്ക് കൈത്താങ്ങായി എത്താൻ പേരാവൂർ തൊണ്ടിയിലെ മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാഡമിയിലെ ദുരന്തനിവാരണ സേന സദാ സജ്ജമാണ്. അക്കാഡമി ഡയറക്ടർ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഈ കുട്ടികൾ പ്രവർത്തിക്കുന്നത്.
പൊലീസിൽ നിന്നും വിരമിച്ച കുട്ടിച്ചൻ ട്രെയിനിംഗ് ഇൻസ്‌ക്ട്രക്ടറായാണ് കൂടുതൽ കാലം ജോലി ചെയ്തത്. വിരമിച്ചതിനു ശേഷം ഇങ്ങനെയൊരു അക്കാഡമി തുടങ്ങാൻ പ്രേരണയായതും ഈ അനുഭവമാണ്. പാവപ്പെട്ട ആയിരം കുട്ടികളെയെങ്കിലും അക്കാഡമിയിലൂടെ പൊലീസ്, മിലിട്ടറി തുടങ്ങിയ സേനയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പ്രവർത്തനം തുടങ്ങിയത്.
കഴിഞ്ഞ പ്രളയകാലത്ത് അക്കാഡമിയിലെ കുട്ടികൾ ദുരന്തത്തിൽ കൈത്താങ്ങായി. ചാലക്കുടിയിൽ വരെ സഹായവുമായെത്തി. സേനയിലേക്കുള്ള പ്രവേശനം ഒരു ജോലി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള ഒരവസരം കൂടിയാണെന്ന് അക്കാഡമിയിലെ കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലൂടെ കിട്ടിയ സംതൃപ്തിയാണ് 50 പേരുൾപ്പെടുന്ന ദുരന്തനിവാരണ സേന രൂപീകരിക്കാൻ പ്രചോദനമായത്. ഈ സേനയുടെ സേവനം നിലവിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ മാത്രമാണ്.
പൂർണ്ണമായും സൗജന്യമാണ് ഇവരുടെ സേവനം. കൊവിഡിന് ശമനമാകുമ്പോൾ കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇക്കഴിഞ്ഞ മഴക്കാലത്ത് കാക്കയങ്ങാടിന് സമീപമുള്ള ഒരു വീട് മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായപ്പോൾ അവിടെയും ഈ കുട്ടികൾ സഹായവുമായെത്തി.
കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസായ ബാവലിപ്പുഴ ശുചീകരിക്കാനായി ഡി.വൈ.എഫ്.ഐയുടെയും മണത്തണക്കൂട്ടം ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ കൈ കോർത്തപ്പോൾ അവരോടൊപ്പം എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിൽ അക്കാഡമിയിലെ കുട്ടികളും അണിനിരന്നു. ഒറ്റ ദിവസം കൊണ്ട് 33 കിലോമീറ്ററോളം പുഴയിലെ മലിന്യങ്ങൾ നീക്കിയപ്പോൾ ചെകുത്താൻതോട് മുതൽ അമ്പായത്തോട് വരെ ഏറ്റവും ദുർഘടമായ മൂന്നര കിലോമീറ്റർ ദൂരം ശുചീകരിച്ചത് ഇവരായിരുന്നു. 60 ചാക്കോളം മാലിന്യമാണ് ഇവർ നീക്കം ചെയ്തത്.
കേരള പൊലീസ്, റേഞ്ചർ, മിലിട്ടറി തുടങ്ങിയ സേനകളിലായി അറുപത്തിയഞ്ചോളം കുട്ടികൾ ഇതിനോടകം ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. 250 കുട്ടികളാണ് നിലവിൽ പരിശീലനം നടത്തുന്നത്. കമാൻഡോ പരിശീലനത്തേപ്പോലും അതിശയിപ്പിക്കുന്ന ട്രെയിനിംഗ് ലഭിക്കുന്നതിനാൽ ഏത് സേനയിലേക്കുമുള്ള കായികക്ഷമതാ പരീക്ഷ വിജയിക്കുന്നതിന് ആർക്കും ബുദ്ധിമുട്ടില്ല.
അക്കാഡമിയിൽ ചേരാൻ കേരളത്തിൽ എങ്ങുമുള്ള കുട്ടികൾ കാത്തു നിൽക്കുന്നുണ്ടെന്ന അറിവ് ഈ സ്ഥാപനത്തിന്റെ സ്വീകാര്യതയുടെ തെളിവാണ്. സുപ്രസിദ്ധ വോളിബാൾ ഇതിഹാസം ജിമ്മി ജോർജ്ജിന്റെ നാടായ പേരാവൂർ തൊണ്ടിയിലാണ് എം.സി. കുട്ടിച്ചൻ നേതൃത്വം നൽകുന്ന മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാഡമിയും ദുരന്തനിവാരണ സേനയും പ്രവർത്തിക്കുന്നത്.