കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം കടമ്പാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ടു ജീവനക്കാരുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ നെടുമങ്ങാട് പുതുകുളങ്ങര സ്‌മിത ഭവനിൽ അഭിലാഷ്. ടി (39), കണ്ടക്ടർ അഞ്ചൽ മിഥുലാലയത്തിൽ മിഥുൻ (37), നെടുമങ്ങാട് കണിയാകോട് ആര്യഭവനിൽ അജിത്‌കുമാർ (55), കുര്യാത്തി കരിക്കകത്ത് പുത്തൻവീട്ടിൽ ശ്രീകല (51), വെഞ്ഞാറമൂട് പാലാംകോണം മണ്ണൻവിള പുത്തൻവീട്ടിൽ ശ്രുതി ജയൻ (24), കടവൂർ കിഴക്കേടത്ത് വീട്ടിൽ അനീഷ് (39), പാരിപ്പള്ളി സിംല മന്ദിരത്തിൽ ചിത്രാംഗദൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു അപകടം. 26 യാത്രക്കാരുമായി ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റിയ ബസ് കലുങ്കിലിടിച്ചാണ് മറിഞ്ഞത്. നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്ന് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരും ഉച്ചയോടെ ആശുപത്രി വിട്ടു. ചാറ്റൽ മഴയിൽ ബസ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.