cpm

തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരായ വിവാദമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകർക്കാൻ കേന്ദ്ര ഏജൻസികളായ ഇ.ഡിയും സി.ബി.ഐയും എൻ.ഐ.എയും കസ്റ്റംസും ഏറ്റവുമൊടുവിൽ സി.എ.ജിയും ശ്രമിക്കുകയാണ്. സ്വർണക്കടത്ത് അന്വേഷിക്കാനെത്തിയ ഏജൻസികൾ ആ ചുമതല നിർവഹിക്കുന്നതിനപ്പുറം, വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്. കെ- ഫോൺ, ഇ-മൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ അവർ ഇടപെട്ടുകഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് കിഫ്ബി വഴി വായ്പയെടുക്കുന്നത് നിയമവിരുദ്ധമാണെന്ന വ്യാഖ്യാനം. കിഫ്ബി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഭരണഘടനാവിരുദ്ധമെന്ന് വിധിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും നയിക്കുന്ന സ്വദേശി ജാഗരൺ മഞ്ചാണ് മുന്നോട്ടു വന്നത്. അവരെ സഹായിക്കുന്നത് കെ.പി.സി.സിയാണ്. കിഫ്ബി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പിയും അവിശുദ്ധ സഖ്യത്തിലാണ്.

സ്കൂളുകളുടെയും ആശുപത്രികളുടേയും പുനർനിർമ്മാണം, റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, വ്യവസായ പാർക്കുകളുടെ സ്ഥാപനം തുടങ്ങി അമ്പതിനായിരം കോടിയുടെ എണ്ണൂറിൽപ്പരം പദ്ധതികൾ തുടരണമോ ഉപേക്ഷിക്കണമോയെന്ന ഗൗരവമായ ചോദ്യമാണുയരുന്നത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സി.എ.ജിയുടെയും വ്യഖ്യാനങ്ങൾ അംഗീകരിച്ചാൽ ഈ വികസനപ്രവർത്തനങ്ങളാകെ അട്ടിമറിക്കപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വികസന വിരുദ്ധശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയേ ഈയപകടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാനാവൂ.
കിഫ്ബി പ്രോജക്ടുകളിൽ ഏതെങ്കിലുമൊന്നിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിൽ തെളിവുകൾ പ്രതിപക്ഷം ഹാജരാക്കണം. കിഫ്ബിയിൽ സി.എ.ജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം സർക്കാർ നിഷേധിച്ചുവെന്ന പച്ചക്കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. ക്രമക്കേട് കണ്ടെത്താനാവാത്തതിനാലാവാം കിഫ്ബിയെ നിയമവിരുദ്ധമാക്കാനുള്ള വ്യാഖ്യാനം സി.എ.ജി ചമച്ചതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.