ബൃന്ദ മാസ്റ്ററിന്റെ ചിത്രം ചെന്നൈയിൽ
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും കാമറയ്ക്ക് മുന്നിൽ. പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ സംവിധായികയാകുന്ന ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിരക്കിലാണ് ദുൽഖർ ഇപ്പോൾ.മാർച്ചിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്യുകയായിരുന്നു.
ഈ മാസമാദ്യം ചെന്നൈയിൽ ചിത്രീകരണം പുനരാരംഭിച്ച ഈ ചിത്രം ദീപാവലി പ്രമാണിച്ച് നാലഞ്ച് ദിവസം വീണ്ടും ബ്രേക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയ ചിത്രം ഈ ഷെഡ്യൂളിൽത്തന്നെ പൂർത്തീകരിക്കാനാണ് തീരുമാനം. ഡിസംബറിൽ ചിത്രീകരണം പൂർത്തിയാകും.അതീവ ഹൃദ്യമായ ഒരു പ്രണയകഥ പറയുന്ന ഹേ സിനാമികയിൽ അതിഥിറാവുവും കാജൽ അഗർവാളുമാണ് ദുൽഖറിന്റെ നായികമാരാകുന്നത്.ദുൽഖറിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഓ.കെ. കൺമണിക്ക് വേണ്ടി എ.ആർ. റഹ്മാൻ ഈണമിട്ട സൂപ്പർഹിറ്റ് ഗാനത്തിന്റെ ആദ്യ വരിയാണ് ഹേ സിനാമിക.
പ്രണയം പ്രമേയമാക്കുന്ന ചിത്രത്തിന് ആ പാട്ടിന്റെ ആദ്യവരി തന്നെ പേരായി സ്വീകരിച്ചത് യാദൃശ്ചികമായല്ലെന്ന് ബൃന്ദ പറയുന്നു. ഹേ സിനാമിക പൂർത്തിയാക്കിയ ശേഷം റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് ടീമൊരുക്കുന്ന സല്യൂട്ടിലാണ് ദുൽഖർ അഭിനയിക്കുന്നത്.
വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട് ജനുവരിയിൽ തിരുവനന്തപുരത്ത് തുടങ്ങും. എറണാകുളമാണ് മറ്റൊരു ലൊക്കേഷൻ. ദുൽഖർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമെന്നതാണ് സല്യൂട്ടിന്റെ പ്രത്യേകത.
സല്യൂട്ട് പൂർത്തിയാക്കിയ ശേഷം ദുൽഖർ തെലുങ്ക് ചിത്രത്തിൽ ജോയിൻ ചെയ്യും. മഹാനടിക്കുശേഷം ദുൽഖർ അഭിനയിക്കുന്ന ഇൗ തെലുങ്ക് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മോഹൻലാൽ മുതലുള്ള ഒട്ടുമിക്ക താരങ്ങളും പുതിയ ചിത്രങ്ങളിലഭിനയിച്ച് തുടങ്ങിയിട്ടുംമമ്മൂട്ടിയും ദുൽഖറും വിട്ടുനില്ക്കുകയായിരുന്നു.
ബോബി - സഞ്ജയിന്റെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഇനി ഒരു ദിവസത്തെ വർക്ക് കൂടിയുണ്ട്. കൊവിഡ് നിരക്ക് വീണ്ടും കുറഞ്ഞാൽ അടുത്ത മാസം അഭിനയിക്കാമെന്നാണ് മമ്മൂട്ടി വൺ ടീമിന് വാക്ക് നൽകിയിരിക്കുന്നതെന്നറിയുന്നു. മുഖ്യമന്ത്രിയുടെ വേഷമാണ് വണ്ണിൽ മമ്മൂട്ടിക്ക്.