congress

ദീർഘകാലം ഭരണത്തിലിരിക്കുന്ന പാർട്ടിക്കാർ പൊതുവെ പാഠം പഠിക്കാൻ വിമുഖരായിരിക്കും. പാരമ്പര്യത്തിന്റെ തഴമ്പിലും മുൻകാല നേട്ടങ്ങളുടെ മഹിമയിലും ഊറ്റം കൊള്ളുന്നതിനാൽ വീഴ്ചകൾ ഗൗനിക്കില്ല. അഥവാ ഗൗനിച്ചാൽ തന്നെ പരിഹരിക്കില്ല. ഇന്ത്യയും പ്രത്യേകിച്ച് കേരളവും ദീർഘകാലം ഭരിച്ചവരാണ് കോൺഗ്രസുകാർ. അവരുടെ ശക്തി നമ്മുടെ രാജ്യത്ത് കുറഞ്ഞുവരികയാണെന്നത് ഇന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യമാണ്. ആ പാർട്ടിയുടെ വീഴ്ചകളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുകയല്ല ഈ മുഖക്കുറിപ്പിന്റെ ഉദ്ദേശ്യം. സംസ്ഥാനത്ത് അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ ഈഴവർ ഉൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളെ വെട്ടിനിരത്തിയതിന്റെ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടെ പ്രതിപാദിച്ചുകൊണ്ട് കെ. പ്രസന്നകുമാറിന്റെ റിപ്പോർട്ട് ഞങ്ങൾ ഇന്നലെ മെയിൻ സ്റ്റോറിയായി നൽകിയിരുന്നു. ഇത് പല കേന്ദ്രങ്ങൾക്കും അലോസരം സൃഷ്ടിക്കുന്നതായിരിക്കാം. പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുമ്പോൾ ജാതി ചോദിക്കരുത് എന്ന് ഉപദേശിച്ച ഗുരുവിന്റെ അനുയായികൾ ജാതി പറയുന്നു എന്ന് പറഞ്ഞ് അടിച്ചിരുത്താൻ ആരും ശ്രമിക്കണ്ട. ജാതിഭേദം പാടില്ല എന്ന് ദൃഢമായി ഗുരു അരുൾ ചെയ്തിട്ടുണ്ട്. ആ അരുളപ്പാടിന്റെ വെളിച്ചത്തിൽ തന്നെയാണ് ഈ വിമർശനം ഞങ്ങൾ ഉന്നയിക്കുന്നത്. ഇപ്പോൾ ഞങ്ങൾ ഇത് പറഞ്ഞില്ലെങ്കിൽ നാളെ കടപ്പുറത്തെ മണ്ണ് പോലെ കരുതി പലരും ചവിട്ടിതേച്ച് നടന്നുപോകും. അത് അനുവദിക്കേണ്ട ആവശ്യം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ കാൽഭാഗത്തോളം വരുന്ന ഈഴവ സമുദായാംഗങ്ങൾക്ക് ഇല്ല. ഉണർന്നെഴുന്നേറ്റാൽ അത് നിഷ്‌പ്രയാസം നേരിടാനുള്ള കരുത്തും ഈ സമുദായത്തിന് യഥേഷ്ടം ബാക്കിയുണ്ട്.

കോൺഗ്രസിന്റെ അവസാനത്തെ ഈഴവ മുഖ്യമന്ത്രി ആർ. ശങ്കറായിരുന്നു. 64-ൽ അദ്ദേഹം രാജിവച്ചതിനു ശേഷം 56 വർഷമായി. ഇതുവരെ ഈഴവ സമുദായാംഗമായ മറ്റൊരു കോൺഗ്രസ് മുഖ്യമന്ത്രി വന്നിട്ടില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 22 എയിഡഡ് കോളേജുകളാണ് സമുദായത്തിന് അനുവദിച്ചത്. പിന്നീടിതുവരെ അനുവദിച്ച കോളേജുകളുടെ എണ്ണം വെറും മൂന്ന്. ഇതിൽ നിന്ന് സമുദായാംഗങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എക്സിക്യൂട്ടീവ് പദവിയിൽ അതായത് മുഖ്യമന്ത്രിയായോ മന്ത്രിമാരായോ സമുദായാംഗങ്ങൾ വരാതെ സമുദായത്തിന് യാതൊരു പ്രയോജനവും കിട്ടില്ല. ഒരു ചെറിയ ട്രാൻസ്‌ഫർ പോലും കിട്ടില്ല. പിന്നല്ലേ പ്രൊമോഷനും ഉന്നത പദവികളും. ആർ.ശങ്കറിനു ശേഷമാണ് കേരള കോൺഗ്രസ് ഉണ്ടായയത്. ഹിന്ദുക്കളിലെ സവർണ വിഭാഗവും ക്രിസ്ത്യൻ ഗ്രൂപ്പും ചേർന്ന് കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ അവർക്ക് ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നു. ഇനി ഒരു ഈഴവൻ കോൺഗ്രസ് പ്രതിനിധിയായി കേരളം ഭരിക്കരുത്. അതവർ കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഈഴവ സമുദായം വിദ്യാഭ്യാസപരമായി ഇത്രയും ഉയരാൻ ഇടയാക്കിയത് ശങ്കറിന്റെ കാലത്ത് അനുവദിച്ച 22 കോളേജുകളാണെന്ന കാര്യം സമുദായത്തിനും അതിന്റെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന ജിഹ്വകളെയും കൊഞ്ഞനം കുത്തുന്ന സമുദായാംഗങ്ങൾ പോലും വിസ്മരിക്കരുത് എന്ന വസ്തുത ഇവിടെ എടുത്തു പറയുകയാണ്. കാരണം നേരിട്ട് തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തമ്മിലടി ഉണ്ടാക്കി സമുദായത്തെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടിയിലും പലരും ബുദ്ധിയും കൂർപ്പിച്ച് ചുറ്റും നിൽക്കുന്നുണ്ട് . ഇത് ആരും മറക്കരുത്. തൊണ്ണൂറുകൾ വരെ കോൺഗ്രസ് പാർട്ടിയിൽ സമുദായാംഗങ്ങളായ നേതാക്കന്മാരുടെ നിര ഉണ്ടായിരുന്നു. കെ.കെ. വിശ്വനാഥൻ, കെ.പി. ഉദയഭാനു, വയലാർ രവി, സി.വി. പത്മരാജൻ, വക്കം പുരുഷോത്തമൻ, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ. പിന്നീടിങ്ങോട്ട് അത് നേർത്തു നേർത്തു വന്നു. ഹൈക്കമാൻഡ് നോമിനിയായാണ് വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റായത്. ഇപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനും. സമുദായത്തിനുപരി സ്വന്തം ഇമേജിനാണ് ഇവർ രണ്ടുപേരും പ്രാധാന്യം നൽകുന്നത്. ഉന്നത സ്ഥാനത്തെത്തുന്ന പല സമുദായാംഗങ്ങളുടെ രീതിയും ഇങ്ങനെ തന്നെയാണ്. അതിനാൽ മറ്റുള്ളവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇവിടെ തദ്ദേശത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് നിർണയത്തിൽ കോൺഗ്രസ് ഈഴവരെ വെട്ടുന്നതിൽ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ 22,000 ത്തോളം സീറ്റുകളിൽ 17,000 ത്തോളം സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഈഴവ സമുദായത്തിന് നീക്കിവച്ചത് 600 സീറ്റിൽ താഴെ. വിശ്വകർമ്മജർ അമ്പതിൽ താഴെ. മറ്റ് പിന്നാക്കക്കാരെ കാണാനില്ല. സംവരണം ഉണ്ടായതിനാൽ എസ്.സി, എസ്.ടി വിഭാഗങ്ങളെ ഒതുക്കാൻ പറ്റുന്നില്ല. നൂറ് വാർഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മത്സരിക്കുന്നത് 86 സീറ്റിൽ. ഈഴവ സമുദായത്തിന് ലഭിച്ചത് ആറ് സീറ്റ്. ഇതിൽ എത്രപേർ ജയിക്കുമെന്നത് ഫലം വന്നതിന് ശേഷമേ അറിയാനാവൂ. ചുരുക്കിപ്പറഞ്ഞാൽ അധികാരത്തിന്റെ ഇങ്ങേ ശ്രേണിയിൽ സമുദായത്തെ തുടച്ചുനീക്കുക എന്ന തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസിന്റെ മണ്ഡലം, ബ്ളോക്ക്, ഡി.സി.സി ഭാരവാഹികളെ നിശ്ചയിച്ചിലും പ്രകടമായ വിവേചനം ഈഴവ സമുദായത്തോട് കാണിച്ചിട്ടുണ്ട്.. കഴിഞ്ഞ നിയമസഭയിൽ അടൂർ പ്രകാശ് മാത്രമാണ് സമുദായാംഗമായി കോൺഗ്രസിൽ നിന്ന് ഉണ്ടായിരുന്നത്. അതിന് മുമ്പുള്ള നിയമസഭയിൽ അടൂർ പ്രകാശും കെ. ബാബുവും അച്യുതനും മാത്രം. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ തോൽക്കുന്ന സീറ്റുകൾ തിരഞ്ഞുപിടിച്ച് ഈഴവരെ സ്ഥാനാർത്ഥികളാക്കുന്നതാണ് മറ്റൊരു കോൺഗ്രസ് തന്ത്രം. ഇതൊക്കെ കണ്ണ് തുറന്ന് സമുദായാംഗങ്ങൾ കാണണം.

നമ്മുടെ സമുദായത്തിന് ഭൂരിപക്ഷമുള്ള ഒരു വാർഡിൽ നിന്ന് നമ്മുടെ സമുദായാംഗം പ്രതിനിധിയായാൽ മതിയെന്ന് ഓരോ സമുദായാംഗവും തീരുമാനിച്ചാൽ അന്നു തീരും ഇവരുടെ കളി. ലോക്‌സഭയിലേക്ക് ഈഴവ സമുദായാംഗങ്ങളെ അയയ്ക്കുന്ന മണ്ഡലങ്ങൾ ചുരുങ്ങി ഒന്നും രണ്ടുമായി മാറിയിരിക്കുന്നു. അത് പൂജ്യത്തിലേക്ക് നീങ്ങുന്ന കാലം വിദൂരമല്ല. വളർന്ന് കഴിഞ്ഞാൽ സ്വന്തം സമുദായത്തെയും അവരെ വളർത്താൻ വളമിട്ടവരെയും തിരിഞ്ഞ് കൊഞ്ഞനം കാണിക്കുന്ന ഒരു പ്രവണത നമ്മുടെ സമുദായത്തിലെ ചിലരെങ്കിലും ഒരു അസുഖം പോലെ കൊണ്ടുനടക്കാറുണ്ട്. അവരെ ഞങ്ങൾ കാര്യമാക്കുന്നില്ല. പെറ്റമ്മയെ വരെ തള്ളിപ്പറയുന്നവരും ഈ നാട്ടിലുണ്ടല്ലോ.ബാക്കിയുള്ളവരെങ്കിലും ഒറ്റക്കെട്ടായി ചിന്തിക്കേണ്ട സമയമാണിത്. ഒന്നുമില്ലെങ്കിലും ജനസംഖ്യയിൽ വളരെ കുറഞ്ഞ ഉയർന്ന സമുദായങ്ങളിൽ നിന്ന് എങ്ങനെ ഇത്രയധികം നേതാക്കന്മാർ ഉണ്ടാകുന്നു എന്നെങ്കിലും ചിന്തിക്കണം. അവരെക്കൊണ്ട് നമ്മുടെ സമുദായത്തിന് ദോഷമല്ലാതെ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന് കൂടി ആലോചിക്കുക. എന്നിട്ട് ശാന്തമായി വോട്ട് രേഖപ്പെടുത്തുക.