subash

ചിറയിൻകീഴ്:പ്രബലരെ കളത്തിലിറക്കിയതോടെ ജില്ലാപഞ്ചായത്ത് ചിറയിൻകീഴ് ഡിവിഷനിൽ പോരാട്ടം കടുകട്ടിയായി. എൽ.ഡി.എഫിലെ ആർ.സുഭാഷ് നേരിടുന്നത് യുവ നേതാവായ കോൺഗ്രസിലെ ആർ.ജെ. ആനന്ദിനെയാണ്. ഇരുവർക്കും ശക്തമായ വെല്ലുവിളിയുമായി ബി.ജെ.പിയിലെ വക്കം ജി.അജിത്തും സജീവമായുണ്ട്. കഴിഞ്ഞ തവണ ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗത്തിലൂടെ എൽ.ഡി.എഫ് ഡിവിഷനിൽ നിലനിറുത്തിയത്.നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ആർ.സുഭാഷ് ഡി.വൈ.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്.ജില്ല കൗൺസിൽ അംഗം,ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ടീയ രംഗത്ത് സജീവമായ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദിനെയാണ് ഡിവിഷൻ പിടിച്ചെടുക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കെ.എസ്.യു ജില്ല സെക്രട്ടറി കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ്,കെ.എസ്.യു ജില്ല പ്രസിഡന്റ്,കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം,യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കോൺഗ്രസിന്റെ സമര മുഖങ്ങളിൽ സജീവമായിരുന്നു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം ജി.അജിത്താണ് ബി.ജെ.പി സ്ഥാനാർത്ഥി.ആറ്റിങ്ങൽ ഗണേശോത്സവ സമിതി ചെയർമാൻ,ശിവകാരുണ്യ ചാരിറ്റബിൾ സൊസെെറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്.