തിരുവനന്തപുരം: അന്വേഷണത്തിന്റെ പേരിൽ ലൈഫ് മിഷൻ പദ്ധതി തടസപ്പെടുത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നുവെന്നാരോപിച്ചുള്ള ജെയിംസ് മാത്യു എം.എൽ.എയുടെ പരാതി നോട്ടീസിൽ ഇ.ഡി നൽകിയ വിശദീകരണം നാളെ ചേരുന്ന നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. സമിതി നോട്ടീസിന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ നൽകിയ വിശദീകരണം ചോർന്നതിൽ എ. പ്രദീപ് കുമാർ അദ്ധ്യക്ഷനായ നിയമസഭാസമിതി അതൃപ്തിയറിയിച്ചതിനാൽ നാളത്തെ യോഗം നിർണായകമാകും. സമിതി കാണുന്നതിന് മുമ്പേ വിശദീകരണം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് സഭയോടും സഭാസമിതിയോടുമുള്ള അവഹേളനമായാണ് വിലയിരുത്തുന്നത്.കൊച്ചി ഇ.ഡി ആസ്ഥാനത്ത് നിന്നുതന്നെ വിവരം ചോർന്നുവെന്നാണ് നിഗമനം. സമിതി അദ്ധ്യക്ഷനെന്ന നിലയിൽ മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നാണ് എ. പ്രദീപ് കുമാർ എം.എൽ.എയുടെ വാദം. നിയമസഭാ സെക്രട്ടേറിയറ്റിൽ ഇ-മെയിലിൽ ലഭിച്ച വിശദീകരണക്കുറിപ്പ് സമിതിയുടെ അനുവാദത്തോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം തുറന്ന് നോക്കിയത്. അതിന് തലേന്നുതന്നെ മാദ്ധ്യമങ്ങളിൽ അതിലെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതാണ് സഭയോടുള്ള അനാദരവായി വിലയിരുത്തുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അവകാശമുണ്ടെന്നാണ് ഇ.ഡി നൽകിയ വിശദീകരണത്തിലുള്ളത്. ഇ.ഡിയുടെ മറുപടി സഭാസമിതി തള്ളാനാണ് തീരുമാനിക്കുന്നതെങ്കിൽ, ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലെ ഏറ്റുമുട്ടൽ പുതിയ തലത്തിലെത്തും.