കടയ്ക്കാവൂർ: കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്നും തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ജനം പുറന്തള്ളുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയിൽ കുളിച്ച സർക്കാരിന് വോട്ടു ചെയ്യണമോ എന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ചെന്നിത്തല.
ദുരന്തങ്ങൾ നേരിടുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധത്തിലെ പിടിപ്പുകേട് ഒടുവിലത്തെ തെളിവാണ്. പരസ്യ ഏജൻസികളെ കൊണ്ട് പ്രചാരണം നടത്തി സമ്മാനം വാങ്ങിയവർ ഇന്ന് എവിടെയാണ്. എന്തു ചെയ്തിട്ടാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ വോട്ടുചോദിക്കാൻ എത്തുന്നത്. സ്‌പ്രിൻക്ളർ മുതലുള്ള അഴിമതിക്കഥകൾ പ്രതിപക്ഷം പുറത്തു കൊണ്ടുവന്നു. ഇ മൊബിലിറ്റിയും ലൈഫും അടക്കമുള്ള പദ്ധതികൾ കൊള്ളയാണ്. വികസനമെന്നാൽ അഴിമതി നടത്താനുള്ള ഉപാധിയാണ്. ഓരോ പദ്ധതിയിലും ഇവർ കമ്മിഷൻ പറ്റുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് നേതൃത്വം നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.
കടയ്ക്കാവൂരിലെ സ്വാതന്ത്ര്യ സമരസേനാനികൾ അടക്കമുള്ളവരുടെ കഠിനാദ്ധ്വാനത്തിന്റെ ബാക്കിപത്രമാണ് ആർ. ശങ്കറിന്റെ പേരിലുള്ള ഈ മന്ദിരം എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ എം.എൽ.എമാരായ ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. രാജശേഖരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് അശോകൻ, ബി.എസ്. അനൂപ്, അൻസാർ, രജേഷ് ബി.നായർ, എൻ.വിശ്വനാഥൻ നായർ,രാജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എൽ. ഷിജു, രാധാമണി തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ സ്വാഗതം പറഞ്ഞു.