തിരുവനന്തപുരം: സി.എൻ.ജി, ഇലക്ട്രിക്, വോൾവോ, സ്കാനിയ ബസ് സർവീസുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ കീഴിൽ രൂപീകരിക്കുന്ന ഉപകോർപറേഷൻ 'സ്വിഫ്ട്'ന്റെ ബസുകൾ ജനുവരി അവസാനം ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ സി.എൻ.ജി, ഇലക്ട്രിക് ബസുകൾക്കു മാത്രമായി ഉപകോർപറേഷൻ രൂപീകരിക്കാനാണ് ആലോചിച്ചിരുന്നത്. അന്തർ സംസ്ഥാന ദീർഘദൂര സർവീസുകൾ കൂടി പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. കിഫ്ബി നൽകുന്ന 286 കോടി രൂപയുടെ വായ്പ തിരിച്ചടവ് സുഗമമാക്കുന്നതിനാണ് മികച്ച ലാഭത്തിൽ ഓടുന്ന സർവീസുകൾ കൂടി ഇതിന്റെ ഭാഗമാക്കുന്നത്.
ആദ്യ ഘട്ടമായി വാങ്ങുന്നത് ഡീസൽ ബസുകളാണ്. കോർപറേഷന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി സർക്കാർ അനുവദിച്ച 50 കോടി രൂപയ്ക്ക് 100 ബസുകളാണ് വാങ്ങുന്നത്. ഇതിനായി കെ.എസ്.ആർ.ടി.സി ടെൻഡർ ക്ഷണിച്ചിരുന്നു. നടപടികൾ സുതാര്യമാക്കുന്നതിനായി പ്രീ-ബിഡ് മീറ്റിംഗ് നടക്കുകയാണ്. ഡീസൽ ബസ് നിർമ്മാതാക്കളുടെ പ്രീ-ബിഡ് മീറ്റിംഗ് ഇന്ന് അവസാനിക്കും. ശേഷം ഇലക്ട്രിക്, സി.എൻ.ജി ബസ് നിർമ്മാതാക്കളുമായി പ്രീ-ബിഡ് മീറ്റിംഗുകൾ ആരംഭിക്കും.
ഉപകോർപറേഷനിൽ നിയമിക്കുന്നതിന് കെ.എസ്.ആർ.ടി.സിയിൽ ജോലി നോക്കിയിരുന്ന താത്കാലിക ജീവനക്കാരുടെ സീനിയോറിട്ടി ലിസ്റ്റ് തയ്യാറാക്കിവരികയാണ്. 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരുടെ പ്രത്യേക ലിസ്റ്രും തയ്യാറാക്കുന്നുണ്ട്. ഇവർക്ക് സ്ഥിരം നിയമനം നൽകുന്നതിന് നിയമപരമായ തടസം ഉണ്ടാകുമോ എന്നാരാഞ്ഞ് ഗതാഗതവകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടുണ്ട്. സീനിയോറിട്ടി കുറഞ്ഞവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കും. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം ഇതു സംബന്ധിച്ച് ഉത്തരവിറക്കും. കെ.എസ്. ആർ.ടി.സിയിൽ താത്കാലികക്കാരായി നിലവിൽ പരിഗണിച്ചിട്ടുള്ളവരെ ഒഴിവാക്കിയാണ് ലിസ്റ്റ്.
ബസ് വാങ്ങൽ
♦സംസ്ഥാന സർക്കാർ 50 കോടി
ബസുകൾ: സ്ലീപ്പർ എ.സി-8, പ്രീമിയം എ.സി സീറ്റർ-20, കൺവെൻഷണൽ എയർ സസ്‌പെൻഷൻ-72
കിഫ്ബി 286 കോടി
സി.എൻ.ജി ബസുകൾ: 310,
ഇലക്ട്രിക് ബസുകൾ: 50
കേന്ദ്ര സർക്കാർ സഹായം
ഇലക്ട്രിക് ബസുകൾ വാങ്ങാൻ
27.5 കോടി രൂപ സബ്സിഡി
പുതിയ കോർപറേഷനിലേക്ക് ചേർക്കുന്ന ബസുകൾ
വോൾവോ ബസുകൾ 190
സ്കാനിയ 10