road

വെഞ്ഞാറമൂട്: ഇലക്‌ഷൻ മുന്നിൽ കണ്ട് ധൃതി പിടിച്ചു റോഡ് നവീകരിച്ചത് നാട്ടുകാരെ അപകടത്തിലാക്കി. മാണിക്കൽ പഞ്ചായത്തിൽ കന്യാകുളങ്ങര സി.എച്ച്.സിക്ക് എതിർവശത്ത് കൂടി പോകുന്ന റോഡാണ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ഇത് നാട്ടുകാർക്ക് ഫലത്തിൽ ദോഷമായി. രണ്ടു സൈഡും 5 ഇഞ്ച് പൊക്കത്തിൽ ബ്ലേഡ് പോലെ ഇരിക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്ക് എതിരെ വാഹനം വരുമ്പോൾ ഒതുങ്ങാൻ സ്ഥലമില്ലാത്തതിനാൽ അപകടമുണ്ടാകുന്നു.

സൈക്കിളിലും മറ്റും പോകുന്നവർ റോഡ് വിട്ടു മാറിയാൽ വീണു അപകടം പറ്റുന്നുണ്ട്. അധികാരികളെ സമീപിച്ചപ്പോൾ ഇരു വശത്തും മണ്ണിടും എന്നാണ് അറിയിച്ചത്. കന്യാകുളങ്ങര ജംഗ്ഷൻ മുതൽ ഒഴുകി വരുന്ന മഴവെള്ളം ഈ റോഡിലേക്കാണ് വീഴുന്നത്. കുത്തൊഴുക്കിൽ സൈഡിൽ മണ്ണ് നിൽക്കില്ല. കോൺക്രീറ്റ് ചെയ്തതിന്റെ സൈഡിൽ ചരിച്ചു സിമന്റ്‌ ഇടുകയോ ഇന്റർലോക്ക് പാകുകയോ ചെയ്യാതെ അപകടം ഒഴിവാക്കാൻ പറ്റില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഫോട്ടോ: അപകടാവസ്ഥയിൽ റോഡ് കോൺക്രീറ്റ് ചെയ്ത നിലയിൽ