തിരുവനന്തപുരം: ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് ലൈറ്റ്മെട്രോ ഓടും. 31,000 ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമൊരുക്കാൻ 700 കോടി ചെലവിൽ ടെക്നോപാർക്കിലേക്ക് 5.4 കിലോമീറ്റർ മെട്രോപാത നിർമ്മിക്കാൻ മുഖ്യമന്ത്രി അദ്ധ്യക്ഷനായ റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ അനുമതി നൽകി. ടെക്നോപാർക്കിനെയും മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് അഞ്ച് സ്റ്റേഷനുകളുണ്ടാവും. ടെക്നോപാർക്ക് കണക്ഷൻ കൂടിയാവുമ്പോൾ ലൈറ്റ് മെട്രോ ലാഭകരമാകുമെന്നാണ് യു.എം.ടി.സിയുടെ പഠനറിപ്പോർട്ട്. ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ് - 3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നുണ്ട്. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും നിരവധിയാണ്. ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്. ടെക്നോപാർക്കിലേക്ക് സർവീസുണ്ടായാൽ ടെക്കികൾക്ക് സുഖകരമായ യാത്രയൊരുക്കാം. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്‌ക്കാം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും കണക്ടിവിറ്റിയുള്ളതിനാൽ ടെക്നോപാർക്കിൽ സ്റ്റേഷനുണ്ടായാൽ ടെക്കികൾ മെട്രോയാത്ര പതിവാക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പദ്ധതി കൂടുതൽ ലാഭകരമാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് ടെക്നോപാർക്കിലേക്ക് ലൈറ്റ്മെട്രോ നീട്ടുന്നത് പഠിക്കാൻ നിർദ്ദേശിച്ചത്. ദേശീയപാതയിലെ പ്രവേശനകവാടത്തിനടുത്ത് മെട്രോ സ്റ്റേഷൻ സ്ഥാപിച്ച് അവിടെ നിന്ന് ടെക്നോപാർക്കിലേക്ക് തുടർച്ചയായി ബസ് സർവീസ് ഏർപ്പെടുത്താനുള്ള ആദ്യപദ്ധതി പ്രായോഗികമല്ലെന്നുകണ്ട് ഉപേക്ഷിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ പദ്ധതിരേഖയും കെ.ആർ.ടി.എൽ അംഗീകരിച്ചു. ഇത് ഉടൻ കേന്ദ്രാനുമതിക്ക് സമർപ്പിക്കും.
മെട്രോ പാത ഇങ്ങനെ
@ ടെക്നോപാർക്കിന് അകത്തുകൂടിയല്ല മെട്രോ ഓടുക. എല്ലാ ഫേസുകളെയും ബന്ധിപ്പിച്ചാവും.
@ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസിന്റെ വശത്തുകൂടിയാവും ടെക്നോപാർക്കിലെത്തുക.
@ അതിനുശേഷം റോഡിന് മദ്ധ്യഭാഗത്തുകൂടി ഫേസ് 2,3 എന്നിവിടങ്ങളിലേക്കെത്തും.
@ കഴക്കൂട്ടം, ടെക്നോപാർക്ക്, ഫേസ് 2, ഫേസ് 3, കരിമണൽ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ
കുതിച്ചുപായാൻ
ലൈറ്റ്മെട്രോ
------------------------------
35.12 കിലോമീറ്റർ
തിരുവനന്തപുരത്തും കോഴിക്കോട്ടുമായി
6,728കോടി
ആകെ ചെലവ്
21.8 കിലോമീറ്റർ
പള്ളിപ്പുറം-കരമന പാതയാണ്
ടെക്നോപാർക്കിലേക്ക് പോവുക