തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ജില്ലയിൽ പ്രചാരണ രംഗം സജീവമാക്കി സ്ഥാനാർത്ഥികൾ. വീടുകൾ കയറിയിറങ്ങിയും കൺവെൻഷനുകൾ ചേർന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും പരമാവധി വോട്ടുകൾ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. എൽ.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ ഏറക്കുറെ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രവർത്തനം ആരംഭിച്ചു. എന്നാൽ യു.ഡി.എഫിലും ബി.ജെ.പിയിലും ഇപ്പോഴും സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചിട്ടില്ല. ഗ്രൂപ്പ് തർക്കങ്ങളാണ് ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചിയിക്കാൻ കോൺഗ്രസിലടക്കം തടസമാകുന്നത്. പലയിടത്തും സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകർ ഫേസ്ബുക്കിലൂടെ വാദപ്രതിവാദങ്ങൾ നടത്തുന്നുണ്ട്. എന്നാൽ,പിന്നാക്ക വിഭാഗക്കാരെ സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചെന്ന പരാതി യു.ഡി.എഫിലെ താഴെത്തട്ടിൽ സജീവമാണ്.
എൽ.ഡി.എഫ് ഇതിനോടകം പഞ്ചായത്ത്തല കൺവെൻഷനുകൾ പൂർത്തീകരിച്ച് വാർഡ് കൺവെൻഷനുകളിലേക്ക് കടന്നു.
യു.ഡി.എഫിൽ നിശ്‌ചയിക്കപ്പെട്ട സ്ഥാനാത്ഥികൾ പ്രചാരണ രംഗത്ത് സജീവമാണ്. പോസ്റ്റർ, ഫളക്സ് ബോർഡ് എന്നിവ നിരന്നു. പരമാവധി വോട്ടുകൾ സമാഹരിക്കാനായി ആദ്യമായി നിശ്ചയിക്കപ്പെട്ട സ്ഥാനാർത്ഥികളുടെ വാർഡുകളിൽ കൺവെൻഷനുകൾ നടത്തി താഴെത്തട്ടിലുള്ള പ്രവർത്തനം സജീവമാക്കി. തീരുമാനിക്കപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥികൾ പ്രവർത്തനത്തിലെ ആദ്യഘട്ടം പൂർത്തീകരിച്ചു. ചില വാർഡുകളിലും ബ്ലോക്ക് ജില്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥിനിർണയം ഏകദേശം പൂർത്തിയായി. ഇന്നും നാളെയുമായി നോമിനേഷനുകൾ സമർപ്പിച്ചു കഴിയുന്നതോടെ മത്സരം മുറുകും. പലയിടത്തും വിമതശല്യം കാര്യമായി മുന്നണികളെ കുഴയ്ക്കുന്നുണ്ട്.പാർട്ടി തീരുമാനം തെറ്റാണെന്ന് സ്ഥാപിക്കാനായി സീറ്റ് ലഭിക്കാത്ത പലരും ചില വാർഡുകളിൽ വിമതന്മാരായി രംഗത്തുണ്ട്. മുന്നണിയിലുള്ള ചെറിയപാർട്ടികൾക്ക് പ്രാദേശിക തലത്തിൽ സീറ്റ് ലഭിക്കാതെ വന്നതോടെ അവരും വിമതന്മാരായി രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ 23 വരെ സമയമുള്ളതിനാൽ വിമതന്മാരെ ഒതുക്കാനുള്ള ശ്രമം മുന്നണികൾ ആരംഭിച്ചു.
അടുക്കളയിലെത്തി വോട്ടഭ്യർത്ഥന, കാലിൽ തൊട്ട് അനുഗ്രഹം
കൊവിഡ് വ്യാപന സാദ്ധ്യതയുള്ളതിനാൽ വോട്ട് അഭ്യർത്ഥിക്കാനെത്തുന്ന സ്ഥാനാർത്ഥികൾ വീടിന്റെ ഗേറ്റിനപ്പുറം കയറരുതെന്ന് പറഞ്ഞെങ്കിലും വീട്ടുകാരുടെ സ്നേഹം പിടിച്ചുവാങ്ങാൻ അടുക്കള വരെ കയറുന്നതാണ് ഇപ്പോൾ രീതി. വീട്ടിൽ കയറാതിരുന്നാൽ വോട്ട് കിട്ടിയില്ലെങ്കിലോ എന്നാണ് സ്ഥാനാർത്ഥിക്കും കൂടെയുള്ളവർക്കും സംശയം.വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കാൻ വീട്ടിൽ കയറണമെന്ന കൂടെയുള്ളവരുടെ ഉപദേശം കൂടിയാകുമ്പോൾ അടുക്കളയിൽ കയറി ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചിട്ടേ സ്ഥാനാർത്ഥി മടങ്ങൂ.വീട്ടിലുള്ള മുതിർന്നവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതോടെ സ്ഥാനാർത്ഥിയോട് പ്രത്യേക മമത തോന്നുമെന്നാണ് തിരഞ്ഞെടുപ്പ് മാനേജർമാർ നൽകുന്ന ഉപദേശം.