വർക്കല:ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതകളുടെ തീപാറുന്ന പോരാട്ടത്തിന് ചെമ്മരുതി ഡിവിഷൻ ഒരുങ്ങി. ചെമ്മരുതി നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തന്ത്രങ്ങൾ മെനയുമ്പോൾ ശക്തമായ പോരാട്ടത്തിലൂടെ മുന്നേറാൻ ബി.ജെ.പിയും രംഗത്ത് നിലയുറപ്പിച്ചു. മുൻമന്ത്രി എൻ.ഇ.ബലറാമിന്റെ മകളും മുതിർന്ന മാദ്ധ്യമ പ്രവർത്തകയുമായ സി.പി.ഐയുടെ ഗീതാ നസീറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇലകമൺ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ചന്ദ്രികയാണ് കോൺഗ്രസിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. മഹിളാമോർച്ച നേതാവ് ഷിജി രാധാകൃഷ്ണനാണ് ബി.ജെ.പിയുടെ കരുത്തുറ്റ സാരഥി.കന്നിയങ്കത്തിനിറങ്ങുന്ന ഗീതാ നസീർ സി.പി.ഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ രക്ഷാധികാരിയും കേരള മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ഭർത്താവ് പരേതനായ നസീർ മുമ്പ് ഇതേ ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. നസീർ മുൻ മന്ത്രിയായിരുന്ന ടി.എ. മജീദിന്റെ മകനാണ്. 2010- 15 കാലയളവിൽ ഇലകമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു കെ.ചന്ദ്രിക. മഹിളാ കോൺഗ്രസ് ഇലകമൺ മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ഇലകമൺ മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ച പാരമ്പര്യമുണ്ട്. വീട്ടമ്മയായ ചന്ദ്രിക ദീർഘകാലം പഞ്ചായത്തംഗമായിയുന്ന പിതാവ്ചൂളയിൽകൃഷ്ണപിളളയുടെ പാത പിന്തുടർന്നാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ഇലകമൺ ഊന്നിൻമൂട് സ്വദേശിനിയായ ഷിജി രാധാകൃഷ്ണന്റെ കന്നി അങ്കമാണിത്. മഹിളാമോർച്ച വർക്കല മണ്ഡലം വൈസ് പ്രസിഡന്റാണ്. അക്ഷയശ്രീ വർക്കല താലൂക്ക് കോ-ഓർഡിനേറ്റർ, സഹകാർ ഭാരതി മഹിളാസെൽ വർക്കല താലൂക്ക്
പ്രമുഖ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വീട്ടമ്മയായ ഷിജി ബി.ജെ.പിയുടെ സജീവ പ്രവർത്തകയാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി കോളനികൾ സ്ഥിതിചെയ്യുന്നത് ചെമ്മരുതിയിൽ.ഇടവ, ഇലകമൺ,ചെമ്മരുതി,എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ 4 വാർഡുകളും,ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ 2 വാർഡുകളും ഉൾപ്പെടുന്നതാണ് ചെമ്മരുതി ഡിവിഷൻ.2015-ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ വി. രഞ്ജിത്താണ് വിജയം കൈവരിച്ചത്.യു.ഡി.എഫിലെ ഷിബുവിനെ 4800- ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.2010-ൽ യു.ഡി.എഫിലെ സുബൈദയാണ് വിജയിച്ചത്.