തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നമ്മുടെ പൈതൃകസ്വത്തായ കുളങ്ങളും കാവുകളും മാലിന്യമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകണമെന്ന് ശബരിമല തന്ത്റി കണ്ഠരര് രാജീവരര് നിർദ്ദേശിച്ചു. ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം സൃഷ്ടിച്ചശേഷം നീക്കം ചെയ്യുന്നതിനെക്കാൾ അവ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനത പ്രതിബദ്ധതയോടെ സ്വീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനമെന്ന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം കൊണ്ട് വ്യക്തമാകുന്നതായി അദ്ധ്യക്ഷനായ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പരിഷ്‌കരിച്ച വെബ്സൈറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്തു. ശബരിമല മേൽശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി റെജികുമാർ നമ്പൂതിരി, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ, തമിഴ്നാട് മുൻചീഫ് സെക്രട്ടറി ശാന്ത ഷീലാ നായർ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങിനുശേഷം ഐ.ജി പി.വിജയന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും വോളന്റിയർമാരുടെയും സംഘം ഭസ്മക്കുളവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു.