തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചൂട് പിടിപ്പിക്കാൻ ഒടുവിൽ കിഫ്ബിയും.
കിഫ്ബി വഴി പ്രാദേശികതലത്തിൽ നടക്കുന്ന വികസന പദ്ധതികളെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിനാണ് സി.പി.എമ്മും ഇടതുമുന്നണിയും ഒരുങ്ങുന്നത്..സി.എ.ജിയുടെ കരട് റിപ്പോർട്ടിൽ തന്നെ ധനമന്ത്രി തോമസ് ഐസക്കിനുണ്ടായ അസ്വസ്ഥത, പലതും ഒളിച്ചുവയ്ക്കാനുള്ളത് കൊണ്ടാണെന്ന് ആരോപിക്കുന്ന യു.ഡി.എഫിന്റെ ശ്രമം , സർക്കാരിനെ പുകമറയിൽ നിറുത്തലാണ്. ധനമന്ത്രിയെ ഇതേ വിഷയത്തിൽ ബി.ജെ.പിയും കടന്നാക്രമണമാരംഭിച്ചതോടെ, സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയും പൊള്ളുന്ന വിഷയമാവുന്നു.
വിവാദമല്ല, വികസനമാണ് മുഖ്യമെന്ന മുദ്രാവാക്യമാണ് സ്വർണക്കടത്ത് വിവാദം മുറുകിയപ്പോൾ മുതൽ സർക്കാരും സി.പി.എമ്മും ഉയർത്തുന്നത്. നൂറുദിന കർമ്മപദ്ധതികൾക്ക് പുറമേ, ഗെയ്ൽ അടക്കമുള്ള പദ്ധതികളുടെ പൂർത്തീകരണവും സർക്കാരും മുഖ്യമന്ത്രിയും എടുത്തുകാട്ടി. ലൈഫ് മിഷനും കെ-ഫോണും പോലുള്ള വൻകിട വികസനപദ്ധതികളിലേക്കുള്ള അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതിർന്നപ്പോൾ, കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വികസനത്തിന് തുരങ്കം വയ്ക്കുന്നുവെന്ന ആരോപണവും കനപ്പിച്ചു. ഇടതുമുന്നണിയുടെ ഇന്നലത്തെ ജനകീയപ്രതിരോധം ഈ വിഷയമുയർത്തിയായിരുന്നു.
സർക്കാരിന്റെ വികസനനേട്ടങ്ങൾ ആരോപണപ്പുകമറ ഉയർത്തി ഇടങ്കോലിടുന്നത് ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസുമാണെന്ന ആക്ഷേപവും സി.പി.എം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ ആർ.എസ്.എസ്- കോൺഗ്രസ് ബാന്ധവമെന്ന ആരോപണമുയർത്തി യു.ഡി.എഫിനെ തുണയ്ക്കാനിടയുള്ള മതന്യൂനപക്ഷങ്ങളിലും ആശയക്കുഴപ്പം വിതയ്ക്കുകയാണ് ലക്ഷ്യം. വെൽഫെയർ പാർട്ടിയുമായടക്കം പരോക്ഷ നീക്കുപോക്കുകൾക്ക് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ പ്രത്യേകിച്ചും.
കിഫ്ബിക്കായി വിദേശത്ത് മസാലബോണ്ടിറക്കിയതിന്റെ നിയമസാധുതയാണ് തർക്കങ്ങളുടെ കേന്ദ്രബിന്ദു. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനികൾക്ക് കമ്പോളത്തിൽ നിന്ന് വായ്പയെടുക്കാനുള്ള അവകാശമില്ലാതാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സർക്കാർ രൂപം നൽകിയ കമ്പനിക്ക് വായ്പയെടുക്കാൻ അനുവാദമുണ്ടോയെന്ന് ചോദിക്കുന്ന പ്രതിപക്ഷം, ഇന്ത്യയ്ക്കകത്ത് കൊടുക്കുന്ന വായ്പയുടെ പലിശയിലും ഉയർന്ന നിരക്കിൽ കിഫ്ബി വായ്പ വഴി സർക്കാരിന് ബാദ്ധ്യതയുണ്ടാക്കിയെന്നും ആരോപിക്കുന്നു. ലാവ്‌ലിൻ കമ്പനിയുമായി ബന്ധമുള്ളവരാണ് മസാലബോണ്ട് വാങ്ങിയതെന്നാരോപിക്കുക വഴി, ലാവ്‌ലിൻ വിവാദത്തെയും ഇതിനോട് ബന്ധിപ്പിക്കാൻ ശ്രമമുണ്ട്. കിഫ്ബി വഴിയുള്ള സ്കൂൾ, ആശുപത്രി, റോഡ്, വ്യവസായപാർക്കുകൾ എന്നിവയുടെ നിർമ്മാണങ്ങൾ തുടരണോയെന്ന് ചോദിച്ചാണ് സി.പി.എമ്മിന്റെ തിരിച്ചടി.