pinarayi

തിരുവനന്തപുരം: ധാർമ്മികത മറന്നുള്ള മാദ്ധ്യമപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും പല മാദ്ധ്യമങ്ങളും കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ദേശീയ പത്രവാരാചരണത്തിന്റെയും കേരള മീഡിയ അക്കാഡമി കോഴ്സുകളുടെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഇന്ത്യയിൽ പലയിടത്തും വ്യാജകഥകളും കെട്ടുകഥകളും സത്യവാർത്തകളായി അവതരിപ്പിക്കുന്നു. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടയ്ക്കുകയും നാവുയർത്തേണ്ടിടത്ത് നാവടക്കുകയും ചെയ്യുന്ന നയം പലേടത്തും സ്വീകരിക്കുന്നു.മാദ്ധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടികൾ രാജ്യത്ത് കനത്തുവരുമ്പോൾ അതിനെതിരെ ശബ്ദിക്കാനോ വേണ്ടപോലെ ചർച്ചചെയ്യാനോ പ്രധാന മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല. ദേശീയ ഭരണകക്ഷിയുടെ അപ്രീതിയുണ്ടാകാതിരിക്കാനാണ് ഈ മൗനം.

നിഷ്പക്ഷരെന്ന് വിളിക്കപ്പെടുന്ന മാദ്ധ്യമങ്ങൾ വർഗീയ, യാഥാസ്ഥിതിക പക്ഷത്തോട് നിർണായകഘട്ടങ്ങളിൽ സമരസപ്പെടുകയാണ്. എന്നാൽ, ഇടതുപക്ഷവിരോധം പ്രകടിപ്പിക്കാൻ അവർക്ക് മറയോ മടിയോ ഇല്ല. പാശ്ചാത്യരാജ്യങ്ങളിൽ മാദ്ധ്യമങ്ങളുടെ നേതൃത്വത്തിൽ വാർത്തകളുടെ നേര് പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് സംവിധാനമുണ്ട്. അത്തരം സ്വതന്ത്ര സംരംഭങ്ങൾക്ക് കേരളത്തിലും മാദ്ധ്യമപ്രവർത്തകർ മുന്നോട്ടുവരണം. മാദ്ധ്യമങ്ങളുടെ നിലനില്പിന് വിശ്വാസ്യത പ്രധാനമാണ്. അത് നഷ്ടപ്പെട്ടാൽ പത്രം വെറും കടലാസാണ്. ഇപ്പോൾ പ്രചാരമെത്ര, ടി.ആർ.പി എത്ര എന്നൊന്നും നാളെയുടെ വിലയിരുത്തലിന് മാനദണ്ഡങ്ങളല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.അടുത്തിടെയുണ്ടായ വിവാദങ്ങളിലൊന്നിൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും വിളിച്ചിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു. അദ്ദേഹത്തെ സ്ഥലം മാറ്റിയപ്പോൾ ആർക്കും അതൊരു പ്രധാന വാർത്തയായില്ല. മിക്ക ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും വിളിച്ചില്ലെന്ന് ആവർത്തിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്നാണ് മിക്ക മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. ഇത് മാദ്ധ്യമധർമ്മമാണോയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭയപ്പെട്ടു കഴിയുന്ന മാദ്ധ്യമങ്ങളെക്കൊണ്ട് ജനങ്ങൾക്ക് ഒരുപകാരവുമില്ലെന്ന് ദേശീയ പത്രദിന പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഓൺലൈൻ മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം. ലീലാവതി അനുഗ്രഹപ്രഭാഷണം നടത്തി. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ളിയു.ജെ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, കെ. ഹേമലത, കെ. അജിത്, വിനീത .വി.ജെ എന്നിവർ സംസാരിച്ചു.