നെടുമങ്ങാട്:നഗരസഭയിൽ എൽ.ഡി.എഫ് അനുവദിച്ച എട്ടു സീറ്റുകളിൽ സി.പി.ഐ സ്ഥാനാർത്ഥികളായി. നിലവിലെ മഞ്ച വാർഡ് കൗൺസിലറും നെടുമങ്ങാട് ലോക്കൽ സെക്രട്ടറിയുമായ എ.ഷാജി മാർക്കറ്റ് വാർഡിലും നഗരസഭ വൈസ് ചെയർപേഴ്‌സണും മഹിളാസംഘം ലോക്കൽ സെക്രട്ടറിയുമായ ലേഖാ വിക്രമൻ പൂവത്തൂരും യുവകലാസാഹിതി മണ്ഡലം ജോയിന്റ് സെക്രട്ടറിയും കരിപ്പൂര് ലോക്കൽ സെക്രട്ടറിയുമായ എസ്.മഹേന്ദ്രനാചാരി വാണ്ടയിലും മുൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രവീന്ദ്രൻ പരിയാരത്തും മുൻ നഗരസഭ കൗൺസിലർ കെ.ശ്യാമള നെട്ട വാർഡിലും എ.ഐ.വൈ.എഫ് നേതാവ് എസ്.സന്തോഷ്‌കുമാർ മുഖവൂരിലും എ.ഡി.എസ് ഭാരവാഹിയും വനിതാ ബ്രാഞ്ച് സെക്രട്ടറിയുമായ ബി.കെ ശ്രീകല ഇരിഞ്ചയത്തും എ.ഡി.എസ് ചെയർപേഴ്‌സണും മഹിളാസംഘം ഭാരവാഹിയുമായ പ്രിയ പി.നായർ മഞ്ച വാർഡിലും ജനവിധി തേടുമെന്ന് സി.പി.ഐ നെടുമങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അറിയിച്ചു.
വാണ്ട സീറ്റിൽ തർക്കമില്ല
വാണ്ട വാർഡിൽ എൽ.ഡി.എഫ് ജനതാദളിന് സീറ്റ് അനുവദിച്ചിട്ടില്ലെന്ന് സി.പി.ഐ. പുങ്കുമൂട്,ടവർ വാർഡുകളിൽ ഒരെണ്ണം ദളിനു നൽകാനാണ് എൽ.ഡി.എഫ് തീരുമാനിച്ചത്.ഇതുസംബന്ധിച്ച് ഘടകകക്ഷികൾ തമ്മിൽ കരാറുറപ്പിച്ചിട്ടുണ്ട്.ഇതിന് വിരുദ്ധമായി വാണ്ടയിൽ ജനതാദൾ സ്ഥാനാർത്ഥി എൽ.ഡി.എഫ് വിമതനായി മത്സരിക്കുന്നത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് പാട്ടത്തിൽ ഷെറീഫ് വ്യക്തമാക്കി.ഇന്ന് നടക്കുന്ന എൽ.ഡി.എഫിന്റെ പഴകുറ്റി,ടൗൺ മേഖലാ തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ സി.പി.ഐയുടെ എട്ടു സ്ഥാനാർത്ഥികളും പങ്കെടുക്കും.എന്നാൽ,വാണ്ടയിലെ ജനതാദൾ സ്ഥാനാർത്ഥിയെ പങ്കെടുപ്പിച്ചില്ലെങ്കിൽ എൽ.ഡി.എഫ് കൺവൻഷനുകൾ ബഹിഷ്കരിക്കുമെന്ന് ദൾ നിയോജക മണ്ഡലം പ്രസിഡന്റ് കരിപ്പൂര് വിജയകുമാറും ജില്ലാ സെക്രട്ടറി പനയ്‌ക്കോട് മോഹനനും അറിയിച്ചു.