തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വാങ്ങിയതിനെതിരായ കേസുമായി ബന്ധപ്പെട്ട് താൻ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുമായോ പ്രവർത്തകരുമായോ ചർച്ച നടത്തിയിട്ടില്ലെന്ന് കിഫ്ബിക്കെതിരായി ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ നൽകിയ കേസിലെ അഭിഭാഷകനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ മാത്യു കുഴൽ നാടൻ പറഞ്ഞു. ഈ ആരോപണം മന്ത്രി ഐസക് തെളിയിച്ചാൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം.
സംസ്ഥാനങ്ങൾക്ക് സഞ്ചിത നിധിയുടെ ഗാരന്റിയിൽ ഇന്ത്യയ്ക്കകത്ത് നിന്നേ വായ്പയെടുക്കാൻ പറ്രൂ. ആദ്യം മോശം പ്രതികരണമായപ്പോൾ ലണ്ടനിൽ നിന്ന് മസാലബോണ്ട് വായ്പ കിട്ടാൻ ലാവ്‌ലിൻ കമ്പനിയുടെ ഉപകമ്പനിക്ക് കിഫ്ബി മെമ്മോറാണ്ടം ഒഫ് അണ്ടർസ്റ്രാൻഡിംഗിലും ഓഫർ നോട്ടിലും വ്യത്യാസം വരുത്തി നൽകി. കിഫ്ബിയുടെ നിയമവിരുദ്ധമോ ഭരണഘടന വിരുദ്ധമോ ആയ പ്രവർത്തനത്തെ ചോദ്യം ചെയ്യണമെന്ന് കക്ഷി ആവശ്യപ്പെടുമ്പോൾ അഭിഭാഷകൻ എന്ന നിലയിൽ അത് ഏറ്റെടുക്കുന്നതിൽ തെറ്റില്ല. കേസിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഐസക് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യക്കകത്ത് കൊടുക്കുന്ന പലിശയെക്കാൾ ഉയർന്ന നിരക്കിലാണ് കിഫ്ബി പുറത്ത് നിന്ന് വായ്പയെടുക്കുന്നത്. ധനമന്ത്രി എന്ന നിലയിൽ ഐസക് ഇതിന് മറുപടി പറയണം. കിഫ്ബി വായ്പയുടെ ഭരണഘടനാപരമായ സാധുതയിലും സി.എ.ജി ഒാഡിറ്റിന് സർക്കാർ വിസമ്മതിക്കുന്നതും സംബന്ധിച്ച് താൻ ഉന്നയിച്ച കാതലായ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയണം. 9.723ശതമാനം പലിശനിരക്കിൽ കിഫ്ബി എടുത്ത വായ്പ തുക ഏഴ് ശതമാനത്തിൽ താഴെ നിരക്കിൽ മാസങ്ങളോളം ആക്സിസ് ബാങ്കിൽ നിക്ഷേപിച്ചത് ധനമന്ത്രിക്ക് നിഷേധിക്കാൻ കഴിയുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ധനകാര്യ മാനേജ്മെന്റിൽ മന്ത്രി ഐസക്കും കിഫ്ബി മേധാവിയും ഗംഭീര പരാജയമാണ്. കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ പരസ്യസംവാദത്തിന് മന്ത്രി വിളിക്കുന്ന വേദിയിൽ വരാൻ തയാറാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
കിഫ്ബിക്ക് വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി വായ്പ വാങ്ങാൻ റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് തന്റെ അറിവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയതായി പറയുന്ന, ആക്സിസ് ബാങ്കിന് റിസർവ് ബാങ്ക് 2018 ജൂൺ ഒന്നിനയച്ച എൻ.ഒ.സിയും പുറത്തുവിട്ടു. കിഫ്ബി മസാല ബോണ്ട് വഴി 2672.80 കോടിയുടെ വായ്പ വാങ്ങുന്നതിൽ ഫെമാ ആക്ട് പ്രകാരം എതിർപ്പില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. ഇതല്ലാതെ റിസർവ് ബാങ്ക് അനുമതിയുണ്ടെങ്കിൽ മന്ത്രി ഐസക് അത് പുറത്തുവിടണം.