df

വർക്കല: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന വിനോദസഞ്ചാര മേഖലയായ പാപനാശം ബീച്ച് തുറന്നതോടെ ആഭ്യന്തര ടൂറിസ്റ്റുകളും വിദേശ ടൂറിസ്റ്റുകളും എത്തിത്തുടങ്ങി. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മേഖലയിലെ റിസോർട്ടുകളും റസ്റ്റോറന്റുകളും പ്രവർത്തനസജ്ജമാകുന്നുണ്ട്. കരകൗശല സ്ഥാപനങ്ങൾ, വസ്ത്ര സ്ഥാപനങ്ങൾ, ഐസ്ക്രീം സ്റ്റാളുകൾ തുടങ്ങി ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ ഇതിനോടകം തുറന്നുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും മേഖലയ്ക്ക് പുത്തൻ ഉണർവും പ്രതീക്ഷയും നൽകുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ അവധി ദിവസങ്ങളിൽ ധാരാളം പേർ
പാപനാശത്തെത്തുന്നുണ്ട്.

ചെറിയ റിസോർട്ടുകൾ മിക്കവയും വരും ദിവസങ്ങളിൽ തുറക്കാനുള്ള ശ്രമത്തിലാണ്. വൻകിട റിസോർട്ടുകൾ സഞ്ചാരികളുടെ വരവ് മനസിലാക്കിയശേഷം തുറക്കാനാണ് ഉടമകൾ ശ്രമിക്കുന്നത്.

ടൂറിസത്തിന് അനുബന്ധമായി പ്രവർത്തിച്ചിരുന്നരുടെ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷവേളകൾ ടൂറിസത്തിന്റെ തിരിച്ചുവരവാകുമെന്നാണ് തീരത്തിന്റെ പ്രതീക്ഷ.