തിരുവനന്തപുരം:നഗരത്തിന്റെ സമഗ്രവികസനത്തിനായുള്ള പോരാട്ടങ്ങൾക്കു നേതൃത്വം നൽകുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ (ടി.വി.എം) കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ വികസനത്തിനും നഗരത്തിലെ ജീവിതസൗകര്യ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നൽകി, അഴിമതിരഹിതവും സുതാര്യവുമായ നഗരഭരണം ഉറപ്പാക്കുന്നതിനായി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളുമായാണ് തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ പോരാട്ടം. എം.ജി റോഡിൽ, പുളിമൂട്ടിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഓഖി ദുരന്തവേളയിൽ നൂറുകണക്കിനു പേരുടെ ജീവൻരക്ഷിച്ച് ശ്രദ്ധാകേന്ദ്രമായ സെബാസ്റ്റ്യൻ അടിമയും, വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി മുന്നണിയിൽ നിന്നു പൊരുതിയ സാമൂഹ്യപ്രവർത്തക ആർ. നാൻസിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി.വി.എം പ്രസിഡന്റ് ആർ. രഘുചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം നന്ദു, മാദ്ധ്യമ പ്രവർത്തകൻ ഏലിയാസ് ജോൺ, രജിത മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. കോർപറേഷൻ തിരഞ്ഞെടുപ്പിൽ പന്ത്രണ്ട് സ്ഥാനാർത്ഥികൾ ഉൾക്കൊള്ളുന്ന ആദ്യഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. വാർഡും സ്ഥാനാർത്ഥികളും: ബീമാപള്ളി ഈസ്റ്റ്: മാഹീൻകണ്ണ്, ചാല: ഉഷ സതീഷ്, കേശവദാസപുരം: വിൽസൺ ജോർജ്, കണ്ണമ്മൂല: യമുന (ഗംഗ), കിണവൂർ: ഷീജ വർഗീസ്, കുടപ്പനക്കുന്ന്: അഡ്വ. പി. ഹരിഹരൻ, കുറവൻകോണം: എൽ.വി. അജിത്കുമാർ, പൂജപ്പുര: വിഷ്ണു എസ്. അമ്പാടി, പുഞ്ചക്കരി: എൽ. സത്യൻ, ശ്രീകണ്‌ഠേശ്വരം: അഡ്വ. പി.ആർ. ശ്രീലാൽ, തിരുമല: ലൈലാമ്മ ഉമ്മൻ, വഴുതക്കാട്: വി.എസ്. സുരേഷ് ബാബു.