theater-

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അടച്ചുപൂട്ടിയ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഈ വർഷം തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അടുത്ത മാസം തുറക്കുന്നതിന് സർക്കാർ സമ്മതം അറിയിച്ചാലും തിയേറ്റർ ഉടമകൾ അതിന് തയ്യാറല്ല. അടുത്ത വർഷം വിഷുവിന് തിയേറ്ററുകൾ തുറന്നാൽ മതിയെന്ന നിലപാടിലാണ് ഉടമകൾ. ഇക്കാര്യം 19ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ഓൺലൈൻ ചർച്ചയിൽ അറിയിക്കും.

തിയേറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ ഇതുവരെ തുറന്നിട്ടില്ല. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തുറന്നെങ്കിലും നഷ്ടം കാരണം പിന്നീട് പൂട്ടി. ഇതാണ് തുറക്കൽ വൈകിക്കാനുള്ള തീരുമാനത്തിലേക്ക് ഫിലിം ചേംബർ ഉൾപ്പെടെയുള്ള സംഘടനകളെ എത്തിച്ചത്. അടച്ചിട്ടിരിക്കുന്നതിനെക്കാൾ സാമ്പത്തിക ബാദ്ധ്യത തുറക്കുമ്പോഴുണ്ടാകുമെന്ന് ഉടമകൾ ഭയക്കുന്നു.

കൊവിഡിനു മുമ്പും ശേഷവുമായി 67 സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ആളില്ലാതിയേറ്ററുകളിലേക്ക് ഇതിൽ ഭൂരിഭാഗം സിനിമകളും എത്തിക്കാൻ വിതരണക്കാർക്കും താത്പര്യമില്ല.

@ഉടമകളുടെ മറ്റ് ആവശ്യങ്ങൾ

ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം,

വിനോദ നികുതി ഒഴിവാക്കണം

അടച്ചിട്ടപ്പോഴുള്ള വൈദ്യുതിബിൽ ഒഴിവാക്കണം

സിനിമ റിലീസിന് എത്താതെ തിയേറ്ററുകൾ തുറന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല

- ഷാജി എൻ.കരുൺ, ചെയർമാൻ കെ.എസ്.എഫ്.ഡി.സി

വാക്സിൻ എത്തുകയും അത് വിജയകരമായി പ്രചാരത്തിലാകുകയും ചെയ്താൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മാറൂ. അതുവരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.

- കെ. വിജയകുമാർ, പ്രസിഡന്റ്, ഫിലിം ചേംബർ.