bineesh

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നാരോപിച്ച് ഒരുസംഘം തന്നെ ആക്രമിച്ചെന്ന് ശാസ്തമംഗലം സ്വദേശി ലോറൻസ്‌ മ്യൂസിയം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശാസ്തമംഗലത്ത് മുടിവെട്ടാൻ പോകുന്നതിനിടെയാണ് ബിനീഷിന്റെ സുഹൃത്തും മുൻ ഡ്രൈവറുമായ ഒരാൾ ഉൾപ്പെടെ മൂന്നുപേർ ആക്രമിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പൊലീസിനെ വിവരമറിയിച്ചു. മ്യൂസിയം പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ഇവർ വീടിന്റെ ഗേറ്റ് തകർത്ത് കല്ലെറിഞ്ഞെന്നും പരാതിയിൽ പറയുന്നു. 2016 ൽ കാട്ടാക്കടയിലെ ആര്യങ്കോട് പഞ്ചായത്തിൽ ഹോട്ട് മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 15 ലക്ഷം ബിനീഷ് കോടിയേരിക്ക് നൽകണമെന്ന് പഞ്ചായത്ത് ഭരണസമിതിയിലെ ചിലർ തന്നോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാർ പാലസിലെത്തി ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. എന്നാൽ, 50 ലക്ഷമാണ് ബിനീഷ് ആവശ്യപ്പെട്ടത്. പിന്നീട് തർക്കങ്ങളുണ്ടായി തെറ്രിപ്പിരിയുകയായിരുന്നുവെന്നും ലോറൻസ് പരാതിയിൽ പറയുന്നു.തിരുവനന്തപുരത്തെ ലോൺഡ്രി സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്നയാളാണ് ലോറൻസ്. പരാതി ലഭിച്ചിട്ടുണ്ടെന്നും തുടർ നടപടിക്ക് നിർദ്ദേശം നൽകിയതായും മ്യൂസിയം സി.ഐ പറഞ്ഞു.