തിരുവനന്തപുരം: കിഫ്ബിയെ വക്രീകരിച്ച് കേരളത്തിലെ വികസനക്കുതിപ്പിനെ മന്ദീഭവിപ്പിക്കാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാസ്ഥാപനമായ സി.എ.ജിയെ ഇതിനായി ദുരുപയോഗിക്കുന്നു. ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത തോതിലാണ് കേരളത്തിൽ വികസനക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നത്. ബഡ്ജറ്റ് പ്രവൃത്തികൾക്ക് പുറമേ റീബിൽഡ് കേരള പദ്ധതിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപദ്ധതിയിലുമായി നടന്ന പ്രവർത്തനങ്ങൾക്കുപരിയായി 60,000കോടിയുടെ കിഫ്ബി പ്രവർത്തികൾ കൂടിയായപ്പോൾ 2016ന് ശേഷമുണ്ടായത് വികസനത്തിന്റെ പെരുമഴക്കാലമായി. ഈ നേട്ടത്തിന്റെ ശോഭ കെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഹീനശ്രമങ്ങൾ പ്രബുദ്ധകേരളം അംഗീകരിക്കില്ലെന്നും മാത്യു ടി.തോമസ് പറഞ്ഞു.