കല്ലമ്പലം: വീടിന്റെയും പഞ്ചായത്തിന്റെയും ഭരണം ഒരു മനസോടെ ഒന്നിച്ച് നടത്തുന്ന മാതൃകാദമ്പതികൾ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിനും ഭാര്യ സുനിതകുമാരിക്കും ഈ വിശേഷണം ഒട്ടും അന്യമല്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഒറ്റൂർ പഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി വിജയിച്ച ഇവർ മൂന്നാം അങ്കത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ഭാര്യ മത്സരിച്ച 11-ാം വാർഡായ തോപ്പിലാണ് ഇക്കുറി സുഭാഷ് മത്സരിക്കുന്നത്. ഭർത്താവ് മത്സരിച്ച 10-ാം വാർഡായ ഒറ്റൂർ കൃഷി ഭവനിൽ സുനിതയും. 2010ലെ തിരഞ്ഞെടുപ്പിൽ 11ൽ ഭാര്യയും 12ൽ ഭർത്താവും ജയിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് കൂടുതൽ സമയവും ഇലക്ഷൻ പ്രചാരണം നടത്തുന്നത്. എക മകൾ ഉമ വിവാഹിതയാണ്. 1995ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു തുടങ്ങിയ സുഭാഷിന് ഇത് ആറാം ഊഴമാണ്. അഞ്ചു തവണ വിജയ കിരീടമണിഞ്ഞു. 2005ൽ 12 സീറ്റുകളുണ്ടായിരുന്ന പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് സീറ്റ് വീതം ലഭിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് നേടി. ഭരണം തീരാൻ രണ്ടുമാസം ബാക്കി നിൽക്കുമ്പോൾ പ്രസിഡന്റായിരുന്ന എം. രാജേന്ദ്രകുറുപ്പ് അന്തരിച്ചു. ചുരുങ്ങിയ സമയം മാത്രമുള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് നടത്തിയില്ല. സീറ്റുകൾ കൂടുതലുള്ള യു.ഡി.എഫിലെ സുഭാഷ് പ്രസിഡന്റായി. അതിനുശേഷം 2015ലാണ് പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിച്ചത്. ഒറ്റൂർ പഞ്ചായത്തിൽ ഇക്കുറി പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വവും ഈ മാതൃകാ ദമ്പതികളും.