ldf

തിരുവനന്തപുരം: കിഫ്ബിയിലൂടെ നടപ്പാക്കുന്ന വികസനത്തെ തകർക്കുന്ന കോടാലിക്കൈയായി സി.എ.ജിയെ കേന്ദ്രം ഉപയോഗിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ ബൂത്ത് കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം കണ്ണേറ്റുമുക്കിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ കമ്പനിയായതിനാൽ കിഫ്ബിയുടെ കണക്കുകൾ നിയമസഭയിലാണ് അവതരിപ്പിക്കേണ്ടത്. നാല് തരം അക്കൗണ്ടിംഗ് സംവിധാനം കിഫ്ബിയിലുണ്ട്. സ്വർണ്ണക്കടത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികളുടെ ഘോഷയാത്രയാണ് സംസ്ഥാനത്തേക്ക് ഉണ്ടായത്. സർക്കാരിനോ, മുഖ്യമന്ത്രിയുമായി ബന്ധമുള്ളവർക്കോ കേസിൽ പങ്കില്ലെന്ന ഉറപ്പുണ്ട്. എന്നാൽ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള അന്വേഷണത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും സത്യ വിരുദ്ധ വാർത്തകളുടെ ഉത്പാദന കേന്ദ്രമായി ചെന്നിത്തലയുടെ പത്രസമ്മേളനം മാറിയെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, കേരളാകോൺഗ്രസ് (എം)സംസ്ഥാന സെക്രട്ടറി പ്രമോദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.