pinaryi-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും ആദ്യത്തെ കേസുകളിൽ നിന്ന് ഒരാൾക്കുപോലും രോഗം പടരാതിരിക്കാനുള്ള ജാഗ്രത പാലിച്ചു. ഒരു കേസിൽ നിന്ന് 5000 കേസുകളിലെത്താൻ 156 ദിവസമാണ് കേരളത്തിൽ എടുത്തത്.

മറ്റ് സംസ്ഥാനങ്ങളിൽ രോഗം വളരെ പെട്ടെന്ന് പടർന്ന് മരണം വിതച്ചപ്പോൾ സംസ്ഥാനത്ത് കാണിച്ച ജാഗ്രതയും സർക്കാർ, ആരോഗ്യ സംവിധാനങ്ങളുടെ നിതാന്തമായ കഠിനാധ്വാനവുമാണ് കൊവിഡ് പിടിച്ച് നിറുത്താൻ സഹായിച്ചത്.

ഓരോ ദിവസവും ഓരോ ജില്ലയിൽ പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലും ഉണ്ടാകുന്നുണ്ട്. ഒക്ടോബർ 17 മുതൽ ഓരോ ആഴ്ചയിലും രോഗികളുടെ എണ്ണം തൊട്ടുമുൻപുള്ള ആഴ്ചയിലേതിനെക്കാൾ കുറഞ്ഞുവരുന്നുണ്ട്. ഈ പ്രവണത തുടർന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത് ഒക്ടോബർ 24 നായിരുന്നു. 97,417 പേർ. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോൾ ഏതാണ്ട് 75,000 പേർ ചികിത്സയിൽ കഴിയുന്ന രീതിയിലേക്ക് എത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.