തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ഓൺലൈൻ വഴി നടത്താനുള്ള തീരുമാനം ചലച്ചിത്ര അക്കാഡമി പുനഃപരിശോധിക്കുന്നു. മേള ഓൺലൈനായി നടത്തിയാൽ വിദേശ സിനിമകൾ ലഭിക്കാനുള്ള സാദ്ധ്യത കുറയും. അതുകൊണ്ടാണ് ഡെലിഗേറ്റുകളുടെ എണ്ണം കുറച്ച് ഫെസ്റ്റിൽ തിയേറ്ററുകളിൽ തന്നെ നടത്താൻ ആലോചിക്കുന്നത്. സർക്കാരുമായി ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ.
ചലച്ചിത്രമേള ഡിസംബറിലാണ് നടത്തിവന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഫെബ്രുവരിയിൽ ഓൺലൈനായി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രെബ്രുവരിയിലേക്ക് മേളമാറ്റാൻ ഐ.എഫ്.എഫ്.കെ അംഗമായ അന്താരാഷ്ട്ര സംഘടന ഫിയാഫിന്റെ അനുമതിയും ലഭിച്ചു. പ്രദർശനത്തിനുള്ള സിനിമകൾ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടരുകയാണ്. പക്ഷേ, മേളയ്ക്ക് രജിസ്‌ട്രേഷനെടുക്കുന്ന വിദേശ സിനിമ പ്രവർത്തകർക്ക് ഓൺ ലൈൻ പ്ലാറ്റ് ഫോം വഴി സിനിമകൾ കാണിക്കുന്നതിനോട് താത്പര്യമില്ല.
സിനിമകളുടെ പകർപ്പുകൾ ചോരാനുള്ള സാദ്ധ്യതയാണ് ഇവർ ഉന്നയിക്കുന്നത്. ഗോവൻ ചലച്ചിത്രമേള ഓൺലൈൻ വഴി ആലോചിച്ചിരുന്നെങ്കിലും വിദേശ സിനിമാ പ്രവർത്തകർ എതിർത്തതോടെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. മുംബയ് ചലച്ചിത്രമേളയും ഓൺലൈൻ തീരുമാനം ഉപേക്ഷിച്ചു.