തിരുവനന്തപുരം: നാട്ടിലാകെ നടക്കുന്ന വികസന മുന്നേറ്റങ്ങൾ ചില വികല മനസുകളെ അസ്വസ്ഥമാക്കുന്നുണ്ടെന്നും എന്നാൽ, നാടും നാട്ടുകാരും വികസനപദ്ധതികൾക്കൊപ്പമേ നിൽക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിക്കെതിരായ സി.എ.ജിയുടെ കരട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ നാളത്തെ ആവശ്യം കണ്ടറിഞ്ഞ് ഇടപെടാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് കിഫ്ബിയെ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? ഇതിനെ എതിർക്കുന്നവരെ കേവലമായ വികസനവിരുദ്ധർ എന്ന് വിശേഷിപ്പിച്ചാൽ പോരാ. അത്യന്തം ഹീനമായ മനസ് ഇത്തരം ചുരുക്കം ചിലരിലുണ്ടാവുന്നു. എന്നാൽ, സർക്കാർ നൽകിയ വാഗ്ദാനമുണ്ട്. അത് നാടിന്റെ വികസനം ഉറപ്പുവരുത്തലാണ്. അതിനാണ് കിഫ്ബിയെ വിപുലീകരിച്ചത്. സുതാര്യമായ നടപടികളാണ് അതിന് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടാണ് നേരത്തെയും പരാതി ഉന്നയിക്കാൻ ശ്രമിച്ചവർക്ക് പിന്തിരിയേണ്ടിവന്നിട്ടുള്ളത്.
നാടിന്റെ വികസനത്തിന് പ്രതിബദ്ധതയോടെ നീങ്ങുന്ന സർക്കാർ എന്ന നിലയ്ക്കാണ് ബഡ്ജറ്റിന് പുറത്തുള്ള വികസനപദ്ധതികളേറ്റെടുക്കാനാവശ്യമായ ധനസ്രോതസ് ആലോചിച്ചത്. അതിനായി കിഫ്ബി സംവിധാനത്തെ വിപുലീകരിച്ചപ്പോഴാണ് നാടാകെ ഇതേക്കുറിച്ചറിയുന്നത്. മുൻസർക്കാരുകളുടെ കാലത്തും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്. അമ്പതിനായിരം കോടിയുടെ വികസനം പ്രഖ്യാപിച്ചിടത്ത് ഇപ്പോൾ അമ്പത്തയ്യായിരം കോടിയുടെ പദ്ധതികൾക്കാണ് അനുമതിയായിട്ടുള്ളത്. പലതും പൂർത്തീകരിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായതും താലൂക്ക് തലം തൊട്ട് മെഡിക്കൽ കോളേജാശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കിയതുമെല്ലാം നാട് അംഗീകരിക്കുകയല്ലേ. ഇന്റർനെറ്റിന്റെ മഹാസാദ്ധ്യതകളുപയോഗിക്കപ്പെടുന്ന ഇക്കാലത്ത് പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് സൗജന്യമായെത്തിക്കുമ്പോൾ അതിനു പാര പണിയണമെന്ന് ചിന്തിക്കുന്നത് ചില പ്രത്യേക താത്പര്യക്കാരാണ്. മലയോര, തീരദേശ ഹൈവേകളും കേരളമാകെ നല്ല നിലയിൽ കുടിവെള്ളപദ്ധതികളും യാഥാർത്ഥ്യമാക്കാൻ കിഫ്ബിയാണ് സഹായിക്കുന്നത്. ജനങ്ങൾ ഇതൊക്കെ ആഗ്രഹിച്ചതല്ലേ. അതിന് കിഫ്ബിയെ ഉപയോഗിക്കുന്നതിലെന്താണ് തെറ്റ്?
ഒരു സംഘപരിവാർ നേതാവ് ഹർജി നൽകുമ്പോൾ കെ.പി.സി.സി ഭാരവാഹി വക്കാലത്തെടുക്കുന്നു. എന്തൊരു ഐക്യം! കിഫ്ബി വിഭാവനം ചെയ്ത ഒറ്റ പദ്ധതിയും തങ്ങളുടെ മണ്ഡലത്തിൽ വേണ്ട എന്ന് പ്രതിപക്ഷനേതാവും മറ്റും പറയുമോ? ഏത് എം.എൽ.എയുടെ നാടെന്ന് നോക്കിയല്ല, നാടിന്റെയാകെ ആവശ്യമാണ് സർക്കാർ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ കേസിന് പിന്നിൽ
ആർ.എസ്.എസ്: മന്ത്രി ഐസക്
ആലപ്പുഴ:കേരള വികസനം തകർക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ് കിഫ്ബിക്കെതിരായ കേസിന് പിന്നിലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
കേസുമായി നീങ്ങാൻ പച്ചക്കൊടി വീശിയത് ആർ.എസ്.എസ് നേതാവ് റാം മാധവാണ്. തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിക്കെതിരെ ഹൈക്കോടതയിൽ കേസുമായെത്തിയതെന്നും വാർത്താസമ്മേളനത്തിൽ ഐസക് വ്യക്തമാക്കി.
ഗൂഢാലോചനയുടെ കോടാലിയായി സന്നതെടുക്കുകയാണ് മാത്യു കുഴൽനാടൻ ചെയ്തത്. കേസ് പിൻവലിച്ചതും സി.എ.ജിയെ കക്ഷി ചേർത്ത് വീണ്ടും നൽകിയതും ഗൂഢാലോചനയുടെ ഭാഗമാണ്. കിഫ്ബിയെ തകർക്കാനുള്ള ബി.ജെ.പി -കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത അജൻഡയുടെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാവുന്നു. കേസ് കൊടുത്ത രഞ്ജിത്ത് കാർത്തികേയൻ കഴിഞ്ഞ ദിവസം ടിവിയിൽ പ്രത്യക്ഷപ്പെട്ടു. കിഫ്ബി സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്നും,കോർപറേറ്റ് അല്ലെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് റിസർവ് ബാങ്കിനെയും സി.എ.ജിയയെും ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിനെയുമൊക്കെ കക്ഷി ചേർത്തിരിക്കുന്നത്.
നിയമസഭ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിക്ക് രൂപം നൽകിയതും അത് ബോഡി കോർപറേറ്റാണെന്ന് നിർവചിച്ചതും. നിയമംവഴി രൂപീകരിച്ചാൽ അത് സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. അതുവഴി എടുക്കുന്ന വായ്പ സർക്കാരിന്റെ അക്കൗണ്ടിൽപ്പെടുത്തണമെന്ന് പറയുന്നത് അസംബന്ധവും.വായ്പ എടുക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിനാണ് കോൺഗ്രസും പ്രതിപക്ഷ നേതാവും മറുപടി പറയേണ്ടത്. മൂക്ക് മുറിച്ചും ശകുനം മുടക്കുകയുമാണ് പ്രതിപക്ഷ നേതാവിന്റെ രീതി. ഇത്തരത്തിൽ വായ്പ എടുക്കാൻ പാടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞിട്ടില്ല.
ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല: ഉമ്മൻചാണ്ടി
തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2002ൽ 10 കോടിയും 2003ൽ 505 കോടിയുമാണ് വൻകിട പദ്ധതികൾക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ൽ തിരിച്ചടവ് പൂർത്തിയായി.
എന്നാൽ ഇടതുസർക്കാർ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കിൽ വിദേശത്തു വിറ്റു. 5 വർഷ കാലാവധി കഴിയുമ്പോൾ 3195.23 കോടി രൂപ തിരിച്ചടക്കണം.
കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കേരളം ഇപ്പോൾ വലിയ കടത്തിലാണ്. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.