ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ ബിനാമി- കള്ളപ്പണ ഇടപാടുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കൾ ഹാജരാകാതെ ഒഴിഞ്ഞുമാറുന്നതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം കാർപാലസ് ഉടമ അബ്ദുൾ ലത്തീഫിനെ ബന്ധപ്പെടാനാവുന്നില്ല. ബിനീഷുമായും മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപുമായും വൻതോതിൽ പണമിടപാട് നടത്തിയ എസ്. അരുൺ 10 ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു.
ഇവർക്ക് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി 18ന് പരിഗണിക്കുമ്പോൾ ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിക്കും. അബ്ദുൽ ലത്തീഫിന് രണ്ടാംവട്ടമാണ് നോട്ടീസ് നൽകിയത്. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കും.
കൊവിഡ് ഫലം നെഗറ്റീവായതോടെ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു ബ്ലോക്കിലേക്ക് മാറ്റി. മോഷണം, വഞ്ചന തുടങ്ങിയ കേസുകളിൽ റിമാൻഡിൽ കഴിയുന്ന തടവുകാർക്കൊപ്പമാണ് ബിനീഷിനെ പാർപ്പിക്കുക. നവംബർ 25 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.