വർക്കല: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന വിനോദസഞ്ചാര മേഖലയായ പാപനാശം ബീച്ച് തുറന്നതോടെ ആഭ്യന്തര ടൂറിസ്റ്റുകളും വിദേശ ടൂറിസ്റ്റുകളും എത്തിത്തുടങ്ങി. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മേഖലയിലെ റിസോർട്ടുകളും റസ്റ്റോറന്റുകളും പ്രവർത്തനസജ്ജമാകുന്നുണ്ട്. കരകൗശല സ്ഥാപനങ്ങൾ, വസ്ത്ര സ്ഥാപനങ്ങൾ, ഐസ്ക്രീം സ്റ്റാളുകൾ തുടങ്ങി ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ ഇതിനോടകം തുറന്നുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും മേഖലയ്ക്ക് പുത്തൻ ഉണർവും പ്രതീക്ഷയും നൽകുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ അവധി ദിവസങ്ങളിൽ ധാരാളം പേർ
പാപനാശത്തെത്തുന്നുണ്ട്. ചെറിയ റിസോർട്ടുകൾ മിക്കവയും വരും ദിവസങ്ങളിൽ തുറക്കാനുള്ള ശ്രമത്തിലാണ്. വൻകിട റിസോർട്ടുകൾ സഞ്ചാരികളുടെ വരവ് മനസിലാക്കിയശേഷം തുറക്കാനാണ് ഉടമകൾ ശ്രമിക്കുന്നത്. ടൂറിസത്തിന് അനുബന്ധമായി പ്രവർത്തിച്ചിരുന്നരുടെ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷവേളകൾ ടൂറിസത്തിന്റെ തിരിച്ചുവരവാകുമെന്നാണ് തീരത്തിന്റെ പ്രതീക്ഷ.
ഇപ്പോൾ നഷ്ടം മാത്രം
പ്രവർത്തിച്ചില്ലെങ്കിലും വലിയ റിസോർട്ടുകൾക്ക് മാസം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജീവനക്കാരുടെ ശമ്പളം, എ.സി, ബെഡുകൾ, പൂന്തോട്ടം തുടങ്ങിയവയുടെ പരിപാലനം, ബിൽഡിംഗ് ടാക്‌സ്, വൈദ്യുതി ബിൽ തുടങ്ങിയവ നഷ്ടക്കണക്ക് മാത്രമാണ് ഉടമയ്ക്ക് നല്‍കുന്നത്.
ചില റിസോർട്ടുകൾ കോറന്റൈൻ സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോൾ അതും നിലച്ച മട്ടാണ്.
പ്രതീക്ഷയേകി പുതു പദ്ധതി
10 കോടി രൂപ ചെലവഴിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വർക്കല ടൂറിസം പദ്ധതി ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയേകുന്നു. പാപനാശം മുതൽ തിരുവമ്പാടി ബീച്ച് വരെയുള്ള വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ് പദ്ധതി.
നിർമ്മിക്കുന്നത്
ഡാൻസിഗ് സൗണ്ട് ആൻഡ് ലൈറ്റ് സിസ്റ്റം
കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ
ടോയ്‌ലെറ്റ് സംവിധാനം
വാച്ച് ടവർ
ജി.ഐ ബ്രിഡ്ജ്
ബീച്ചിലെ പ്രകൃതിദത്ത നീരുറവകളുടെ സംരക്ഷണം
തീരത്തേക്കുളള പാതയിൽ എൽ.ഇ.ഡി വഴിവിളക്കുകൾ സ്ഥാപിക്കും
നടപ്പാത നിർമ്മിക്കും
ലീസ് തുക ഒഴിവാക്കി നൽകി സ്ഥലം ഉടമ
പാപനാശത്ത് സ്ഥലം ലീസിനെടുത്ത് സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ആശ്വാസമേകി സ്ഥലം ഉടമ. ദീർഘനാളായി വർക്കല ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോബിയാണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ലീസിനെടുത്തവർക്ക് ആശ്വാസമേകിയത്. പാപനാശം മേഖലയിൽ 11മാസത്തേക്ക് മുഴുവൻ തുകയും ആദ്യം നൽകിയാണ് സ്ഥലമെടുത്ത് ബിസിനസ് നടത്തുന്നത്. കൊവിഡ് കാരണം ഭൂരിഭാഗം പേർക്കും നഷ്ടക്കച്ചവടമായിരുന്നു. നിരവധിപേർ ഇവിടം വിട്ടുപോയി. കൊവിഡ് ഭീഷണിയുള്ളതിനാൽ ഈ വർഷം വലിയ തുക മുടക്കി സ്ഥലമെടുക്കാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ്. ഇതെല്ലാം മനസിലാക്കിയാണ് ഉടമകൾ ഉദാരമനസ് കാട്ടിയത്. മറ്റ് പല ഉടമകളും 50 ശതമാനത്തോളം കുറച്ചു നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ സഹായം നൽകണമെന്ന് വർക്കല ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷനും സ്ഥലം ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
10 കോടി രൂപ ചെലവഴിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വർക്കല ടൂറിസം പദ്ധതി പാപനാശം മുതൽ തിരുവമ്പാടി ബീച്ച് വരെയുള്ള വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ്. ടൂറിസം പരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ഭാഗത്തു നിന്ന് ഉണ്ടാകും.
വി. ജോയി, എം.എൽ.എ