gold

കളമശേരി: ഏലൂരിലെ സ്വർണ്ണക്കവർച്ചയിൽ പൊലീസ് നാല് സംഘങ്ങളായി അന്വേഷണം നടത്തുന്നു. ജുവല്ലറി ഉടമയുടെ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണം. എങ്കിലും ചെറിയ കടയിൽ ഇത്രയും സ്വർണ്ണം സൂക്ഷിച്ചിരുന്നോയെന്നും പൊലീസ് വിശദമായി അന്വേഷിക്കും. വ്യാപാരി വ്യവസായി സംഘടനകൾക്കും സ്വർണ്ണക്കടകൾക്കും പൊലീസ് അറിയിപ്പുകൊടുത്തിട്ടുണ്ട്. സ്വർണ്ണക്കവർച്ച നടന്ന ഏലൂരിലെ ഐശ്വര്യ ജുവല്ലറിയും ഇതിനോട് ചേർന്നു പ്രവർത്തിക്കുന്ന ബാർബർഷോപ്പും ഇന്ന് തുറന്നിട്ടില്ല.

ഫാക്ട് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളിൽ ടൈംഗേറ്റിനരികിലുള്ളത് മാത്രമാണ് പ്രവർത്തിക്കുന്നത്. ഹെഡ് ഓഫീസിനു മുന്നിലുള്ളത് പ്രവർത്തിക്കുന്നില്ല. സി.സി ടിവി പരിശോധന പൂർത്തിയായിട്ടില്ല. ഏകദേശം മുപ്പത്തി രണ്ടോളം വിവിധ കച്ചവടക്കാരുടെ കടകളാണ് ഫാക്ട് ഷോപ്പിംഗ് കോംപ്ലക്‌സിലുള്ളത്. ഇതേ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ബാങ്ക് ഒഫ് ബറോഡ പ്രവർത്തിക്കുന്നത് കൂടാതെ എ.ടി.എം കൗണ്ടറുമുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സിന് ഏകദേശം 50 വർഷത്തിൽപ്പരം പഴക്കമുള്ള കെട്ടിടമാണ്. കമ്പികൾ ദ്രവിച്ചും കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണും ചോർന്നൊലിക്കുന്നതും 'കേരളകൗമുദി" നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
2 കി​ലോ 900 ഗ്രാം സ്വർണം, 25 കിലോ വെള്ളി , 6 ജോഡി ഡയമണ്ട്സ് റിംഗ് എന്നിവ മോഷണം പോയെന്നാണ് പരാതി​.

ജുവലറി​യും ബാർബർ ഷോപ്പും പ്ലൈവുഡ് കൊണ്ടാണ് രണ്ടായി തിരിച്ചിട്ടുള്ളത്. ബാർബർ ഷോപ്പിനോടു ചേർന്നുള്ള ഭിത്തി പിറകു വശത്ത് നിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.

ഇന്നലെ രാവിലെ 6 മണിക്ക് തൊട്ടടുത്ത ബേക്കറി ജീവനക്കാർ ഭിത്തി തുരന്നിട്ടതു കണ്ട് ഉടമയെ വിവരം അറി​യി​ക്കുകയായി​രുന്നു. മുപ്പത്തടം ശോഭനാലയത്തിലെ വിജയകുമാർ (ഷാജി) ആണ് രണ്ടു കടയുടെയും ഉടമ. സി.സി.ടി.വി കാമറയുണ്ടെങ്കിലും പ്രവർത്തിച്ചിരുന്നി​ല്ല. കാമറയുൾപ്പെടെയുള്ള വൈദ്യുത കണക്ഷനുകൾ മുറിച്ചു മാറ്റിയിരുന്നു. ഞായറാഴ്ച ജുവലറി ഷോപ്പ് തുറക്കാറില്ല. ബാർബർ ഷാപ്പ് രാത്രി 7 മണി വരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. മുടി വെട്ടുന്നഒരു ജീവനക്കാരൻ മാത്രമാണ് കടയിലുള്ളത്. ചുറ്റിനും മൂന്നു ഷിഫ്റ്റ് പ്രവർത്തിക്കുന്ന വ്യവസായശാലകൾ ഉള്ളതും എപ്പോഴും ആൾ സഞ്ചാരമുള്ള പ്രദേശമാണി​വി​ടം. നൂറുമീറ്ററി​നുളളി​ലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.