bineesh-kodiyeri

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് റഷീദിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരുവിലെ സോണൽ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നു. രണ്ടുവട്ടം നോട്ടീസ് നൽകിയശേഷമാണ് റഷീദ് ഹാജരായത്. ബിനീഷിന്റെ പ്രധാന ബിനാമിയാണ് റഷീദെന്നാണ് ഇ.ഡി സംശയിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് നടത്തിയിരുന്ന 'ഹയാത്ത് ' ഹോട്ടലിന്റെ പാർട്ണറായിരുന്നു കോഴിക്കോട് കാപ്പാട് സ്വദേശി റഷീദ്. ഹോട്ടലിൽ 30ശതമാനം ഓഹരി റഷീദിനായിരുന്നു.

ലഹരി ഇടപാടുകളുടെ കേന്ദ്രമായിരുന്ന 'ഹയാത്ത്' വാങ്ങാനുൾപ്പെടെ അനൂപിന് പണം നൽകിയത് ബിനീഷാണെന്നാണ് ഇ.ഡി പറയുന്നത്. 2017 ഒക്ടോബറിലാണ് അനൂപ് ഹയാത്ത് ഹോട്ടൽ ഏറ്റെടുത്തത്. 42 ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം. 25 ലക്ഷം രൂപ ചെക്കായും 3 ലക്ഷം രൂപ പണമായും അനൂപ് നൽകി. ബാക്കി നൽകാനുള്ള 14 ലക്ഷം രൂപയുടെ ഉറപ്പിനായാണ് 30% ഉടമസ്ഥ പങ്കാളിത്തം റഷീദിന് നൽകിയതെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, 2015 മുതൽ 'ഹയാത്ത്' ഹോട്ടൽ നടത്തുന്നുവെന്നാണ് അനൂപ് നേരത്തേ എൻ.സി.ബിക്ക് മൊഴി നൽകിയത്. 2019 ൽ 'സ്‌പൈസ് ബേ റസ്​റ്റാറന്റ്' എന്ന് പേരുമാ​റ്റി. ഹോട്ടൽ ഏറ്റെടുക്കാൻ അനൂപിന് ആറുലക്ഷം നൽകിയെന്നാണ് ബിനീഷിന്റെ മൊഴി. എന്നാൽ 5.17കോടിയുടെ ഇടപാടാണ് ഇരുവരും തമ്മിലുള്ളതെന്ന് ഇ.ഡി ബാങ്ക് രേഖകളിൽ നിന്ന് കണ്ടെത്തി. പണമിടപാടിന്റെ ലഭ്യമായ എല്ലാ രേഖകളും ബാങ്കുകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തത തേടിയാണ് ഇ.ഡി റഷീദിനെ ചോദ്യംചെയ്യുന്നത്.