cm

തിരുവനന്തപുരം: കൊച്ചി - മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം, കൊച്ചിയിൽ സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നതിന് അനിവാര്യമായ ബംഗളൂരുവിരിൽ നിന്നുള്ള പൈപ്പ് ലൈൻ ജനുവരിയിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കൂറ്റനാട് മുതൽ വാളയാർ വരെയുള്ള 91കിലോമീറ്റർ പൂർത്തിയായിക്കഴിഞ്ഞു.

വി.എസ് സർക്കാരിന്റെ കാലത്താണ് ഗെയിലിന് അനുമതി നൽകിയത്. 2012ൽ യു.ഡി.എഫ് സർക്കാർ നടപടി തുടങ്ങി. എന്നാൽ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങളെ തുടർന്ന് 2015ൽ ഗെയിൽ പരിപാടി നിറുത്തിവച്ചു. അതുവരെ കേവലം 40 കിലോമീറ്റർ നീളത്തിലാണ് പണി നടന്നത്.

ഭൂമി നഷ്ടപ്പെടുന്നവർക്ക് ഇരട്ടി നഷ്ടപരിഹാരം നൽകിയും ആശങ്കകൾ പരിഹരിച്ചുമാണ് ഇപ്പോൾ 470 കിലോമീറ്റർ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 510കിലോ മീറ്ററാണ് പദ്ധതിയിലുള്ളത്. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള ഒന്നര കിലോമീറ്റർ നീളമാണ് ഒടുവിൽ പൂർത്തിയാക്കാനുണ്ടായിരുന്നത്. അത് ശനിയാഴ്ച നടന്നു.

ഏറെ വെല്ലുവിളികൾ തരണം ചെയ്താണിത് നടപ്പാക്കിയത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. പദ്ധതി നടപ്പാക്കുന്നതോടെ വാഹനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സി.എൻ.ജി കിട്ടും. ചെലവിൽ 20 ശതമാനം ലാഭമുണ്ടാകും. പാചകവാതക വിതരണത്തിന് സിറ്റി ഗ്യാസും നടപ്പാക്കും. ഇതിലൂടെ നികുതിയിനത്തിൽ 500 കോടി മുതൽ 720 കോടിരൂപവരെ സർക്കാരിന് കിട്ടും. ആകെ 5751കോടി രൂപയുടേതാണ് പദ്ധതി.

ഇടപെട്ട മോദിക്ക് നന്ദി

ഗെയിലിന്റെ തടസം നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടാൻ ഒരു കത്തെഴുതുകയേ വേണ്ടിവന്നുള്ളൂവെന്ന് മുഖ്യമന്ത്രി. കാസർകോട്ടെ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നര കിലോമീറ്റർ നീളത്തിൽ പൈപ്പിടാനുള്ള പദ്ധതി മാസങ്ങളായി ഇഴഞ്ഞുനീങ്ങുമ്പോഴാണ് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇടപെടാൻ അഭ്യർത്ഥിച്ചത്. ഉടൻ നടപടി വന്നു. ഗെയിലിന്റെ പ്രത്യേക ടീം കാസർകോട്ടെത്തി. പണി പൂർത്തിയാക്കിയിട്ട് മടങ്ങിയാൽ മതിയെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് കർശന നിർദ്ദേശം നൽകിയെന്നാണ് അറിഞ്ഞത്. അതുകൊണ്ടാണ് കഴിഞ്ഞ ശനിയാഴ്ച പൂർത്തിയാക്കാനായത്. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു.