exam-postponed

തിരുവനന്തപുരം: ഏഴാം സെമസ്​റ്റർ ബി.ടെക് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിൽ പിഴവ് വരുത്തിയ 82 അദ്ധ്യാപകരോട് വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു.

. ഏഴാം സെമസ്റ്ററിലെ 2,08,226 ഉത്തരക്കടലാസുകളിൽ 24,854 എണ്ണത്തിലാണ് പുനർമൂല്യനിർണയം നടത്തിയത്. ആദ്യം പരാജയപ്പെട്ട 24% കുട്ടികൾ വിജയിക്കുകയും 34.4% പേർ ഉയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു. രണ്ട് മൂല്യനിർണയങ്ങളിലായി 15 മാർക്കിന്റെ വ്യത്യാസമുണ്ടെങ്കിൽ പുനർമൂല്യ നിർണയ ഫീസ് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ 2617 പേർ അർഹരായി. 627 ഉത്തരക്കടലാസുകളിൽ 25മാർക്കിലേറെ വ്യത്യാസമുണ്ടായി. 30 മാർക്കിലധികം വ്യത്യാസമുള്ള 250, 40മാർക്കിലേറെ വ്യത്യാസമുള്ള 30 ഉത്തരക്കടലാസുകളുണ്ടായി. 15മാർക്കിലേറെ വ്യത്യാസമുണ്ടായ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തിയ 57 അദ്ധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകുന്നത്. ആദ്യ രണ്ട് മൂല്യനിർണയങ്ങളിലും പരാജയപ്പെടുന്നവർക്ക് ഇക്കൊല്ലം മുതൽ നിബന്ധനകളോടെ റിവ്യൂ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മൂന്നാം മൂല്യനിർണയം നടത്തിയ 25 ഉത്തരക്കടലാസുകളിൽ 18 വിദ്യാർത്ഥികൾ വിജയിച്ചു. ആദ്യ മൂല്യനിർണയങ്ങളിലെ മാർക്കും റിവ്യൂ മാർക്കുമായി 10ലേറെ മാർക്ക് വ്യത്യാസമുള്ള ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ 25 അദ്ധ്യാപകരോടും വിശദീകരണം തേടും.

 മൂന്ന് വർഷമെങ്കിലും അദ്ധ്യാപക പരിചയം

മൂന്ന് വർഷമെങ്കിലും അദ്ധ്യാപക പരിചയമുള്ളവരെ മാത്രയേ ചോദ്യപേപ്പറുകൾ തയ്യാറാക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തൂ. ഇതര യൂണവേഴ്സി​റ്റികളിലെയും ദേശീയ സാങ്കേതിക സ്ഥാപനങ്ങളിലെയും പ്രഗല്ഭരായ അദ്ധ്യാപകരുടെ സേവനവും തേടും. എല്ലാ സെമസ്​റ്ററുകളിലും ഇരുപത് ശതമാനം ചോദ്യങ്ങളെങ്കിലും ഇത്തരത്തിൽ തയ്യാറാക്കും. കേന്ദ്രീകൃത മൂല്യനിർണയ കാലയളവിൽ കോളേജുകളിൽ അദ്ധ്യയനം ഒഴിവാക്കും. വിശദവും കൃത്യതയാർന്നതുമായ മൂല്യനിർണയം നിർബന്ധമാക്കും. വാട്സ്ആപ്പ് വഴി കോപ്പിയടി നടത്തിയ നാല് കോളേജുകൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകും.

പരീക്ഷകൾ മെച്ചപ്പെടുത്തും

 പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ജില്ലാതല മേൽനോട്ട സമിതികൾ രൂപീകരിക്കും.

 എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷാസമിതി മിന്നൽ സന്ദർശനം നടത്തും. പരീക്ഷ, അഫിലിയേഷൻ മാന്വൽ പരിഷ്‌കരിക്കും.

 മൂല്യനിർണയത്തിലെ പിഴവുകൾക്ക് അദ്ധ്യാപകർക്കുള്ള ശിക്ഷകളും പരീക്ഷാ ക്രമക്കേടുകളും അക്കാഡമിക് ഓഡി​റ്റിംഗിന്റെ ഭാഗമാക്കും.

 ഓൺലൈൻ ക്ലാസുകൾ കൃത്യമല്ലെന്ന പരാതിയിൽ ഓൺലൈൻ ഹിയറിംഗ് നടത്തും.